തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. നാളെ നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർഗോഡ് ജില്ലകളിലാണ് നാളെ ഓറഞ്ച് അലർട്ട്. കനത്ത മഴ തുടരുന്നതിനാൽ നാളെ (ജൂലൈ17ന്) വിവിധ ജില്ലകളിൽ അവധി പ്രഖ്യാപിച്ചു.
കാസർകോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. കാസർഗോഡ് ജില്ലയിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയിട്ടുണ്ട്. പ്രധാന നദികൾ കരകവിഞ്ഞൊഴുകുകയും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറുകയും ചെയ്തിട്ടുണ്ട് ഇതിന്റെ പശ്ചാത്തലത്തിൽ ജനസുരക്ഷയെ മുൻനിർത്തി, ജൂലൈ17, വ്യാഴാഴ്ച, ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ സ്കൂളുകൾ, കോളേജുകൾ, പ്രൊഫഷണൽ കോളേജുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, ട്യൂഷൻ സെന്ററുകൾ, മദ്രസകൾ, അങ്കണവാടികൾ, സ്‌പെഷ്യൽ ക്ലാസുകൾ എന്നിവയ്ക്ക് അവധി ബാധകമാണ്. മുമ്പ് നിശ്ചയിച്ചിരിക്കുന്ന എല്ലാ പരീക്ഷകളും (പ്രൊഫഷണൽ, സർവകലാശാലാ, മറ്റു വകുപ്പ് പരീക്ഷകൾ ഉൾപ്പെടെ) പദ്ധതി പ്രകാരം തന്നെ നടക്കുന്നതാണ്. പരീക്ഷാ സമയങ്ങളിൽ മാറ്റമില്ല.
കോഴിക്കോട് ജില്ലയില്‍ ശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ നാളെ (ജൂലൈ 17 വ്യാഴാഴ്ച) സ്‌കൂളുകള്‍ക്ക് അവധിയാണ്. അങ്കണവാടികള്‍, മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍ തുടങ്ങിയവയ്ക്കും അവധി ബാധകമായിരിക്കും.
വയനാട് ജില്ലയിൽ നാളെ (ജൂലൈ 17) ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കുകയും ശക്തമായ മഴ തുടരുകയും ചെയ്യുന്ന സാഹചര്യത്തിൽ ജില്ലയിലെ റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ വ്യാഴാഴ്ച (ജൂലൈ 17) അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾക്കും, മതപഠന സ്ഥാപനങ്ങൾക്കും അംഗൻവാടികൾക്കും, ട്യൂഷൻ സെന്ററുകൾക്കും അവധി ബാധകമാണ്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല
തൃശ്ശൂര്‍ ജില്ലയില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ, മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി നാളെ (17/7/2025) ന് ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍, അംഗണവാടികള്‍, നഴ്‌സറികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്‌കൂളുകള്‍, ട്യൂഷന്‍ സെന്ററുകള്‍, മദ്രസകൾ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റം ഉണ്ടായിരിക്കില്ല.
കണ്ണൂർ ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതിനാലും കനത്ത മഴ തുടരുന്ന സാഹചര്യത്തിലും കണ്ണൂർ ജില്ലയിലെ സ്കൂളുകൾ, അങ്കണവാടികൾ, മതപഠന സ്ഥാപനങ്ങൾ, ട്യൂഷൻ സെൻ്ററുകൾ എന്നിവക്ക് നാളെ (17/07/2025, വ്യാഴാഴ്ച) അവധി പ്രഖ്യാപിച്ചതായി അറിയിക്കുന്നു. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല.
l