തിരുവനന്തപുരം:സംസ്ഥാനത്തെ സർക്കാർ ഹയർ സെക്കന്ററി സ്‌കൂൾ അധ്യാപകരുടെ 2025-26 വർഷത്തെ പൊതു സ്ഥലംമാറ്റത്തിന് ശേഷം നിലനിൽക്കുന്ന ഒഴിവുകളിലേയ്ക്ക് അഡ്ജസ്റ്റ്‌മെന്റ് ട്രാൻസ്ഫർ നടത്താനുള്ള നടപടികൾ പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് ആരംഭിച്ചു. ഇതിന്റെ ആദ്യപടിയായി അഡ്ജസ്റ്റ്‌മെന്റ് ട്രാൻസ്ഫറിന് അപേക്ഷിക്കുന്നവരും, പൊതുസ്ഥലംമാറ്റത്തിനു ശേഷം പുതുതായി നിയമിതരായവരും അവരുടെ പ്രൊഫൈൽ ജൂലൈ 17നകം പുതുക്കണം. http://dhsetransfer.kerala.gov.in വഴിയാണ് പ്രൊഫൈൽ പുതുക്കേണ്ടത്. പോർട്ടലിൽ അധ്യാപകർ പ്രൊഫൈൽ പരിശോധിക്കുമ്പോൾ തിരുത്തലുകൾ ആവശ്യമുണ്ടെങ്കിൽ ബന്ധപ്പെട്ട രേഖകളോടെ പോർട്ടൽ വഴി പ്രിൻസിപ്പലിന് പരിശോധനയ്ക്ക് സമർപ്പിക്കണം. പ്രിൻസിപ്പൽമാരുടെ പരിശോധനയും തിരുത്തലും കൂട്ടിച്ചേർക്കലും പൂർത്തിയാക്കിയശേഷം അധ്യാപകർ അവരുടെ പ്രൊഫൈൽ കൺഫേം ചെയ്യേണ്ടതാണ്. ജൂലൈ 17 ന് ശേഷം അഡ്ജസ്റ്റ്‌മെന്റ് ട്രാൻസ്ഫറിന് അപേക്ഷ ക്ഷണിക്കുന്നതിനാൽ പിന്നീട് പ്രൊഫൈൽ തിരുത്താൻ അവസരം ലഭിക്കില്ല. വിശദാംശങ്ങൾ അടങ്ങിയ സർക്കുലർ ട്രാൻസ്ഫർ പോർട്ടലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അയ്യൻകാളി മെമ്മോറിയൽ ടാലന്റ് സെർച്ച് ആന്റ് ഡെവലപ്മെന്റ് സ്‌കോളർഷിപ്പ്: അപേക്ഷ 28വരെ
തിരുവനന്തപുരം:സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്‌കൂളുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കുള്ള അയ്യൻകാളി മെമ്മോറിയൽ ടാലന്റ് സെർച്ച് ആന്റ് ഡെവലപ്മെന്റ് സ്‌കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. നാല്, ഏഴ് ക്ലാസുകളിൽ എല്ലാ വിഷയങ്ങൾക്കും എ ഗ്രേഡ് നേടിയതും നിലവിൽ അഞ്ച്, എട്ട് ക്ലാസുകളിൽ സർക്കാർ/ എയ്ഡഡ് സ്‌കൂളുകളിൽ ചേർന്ന് പഠനം തുടരുന്നതുമായ പട്ടികജാതി വിദ്യാർത്ഥികൾക്കാണ് 2025-26 അധ്യയന വർഷത്തെ അയ്യൻകാളി മെമ്മോറിയൽ ടാലന്റ് സെർച്ച് ആന്റ് ഡെവലപ്മെന്റ് സ്‌കോളർഷിപ്പ് നൽകുന്നത്. അപേക്ഷ നൽകാൻ ജൂലൈ 28 വരെ ഇ-ഗ്രാന്റ്‌സ് പോർട്ടൽ ഓപ്പൺ ചെയ്യും. സ്‌കോളർഷിപ്പിന് അപേക്ഷിക്കുന്നതിനുള്ള ഫോം കോർപ്പറേഷൻ/ ബ്ലോക്ക്/ മുൻസിപ്പാലിറ്റി പട്ടികജാതി വികസന ഓഫീസുകളിൽ ലഭിക്കും. കൂടുതൽവിവരങ്ങൾ അതത് ബ്ലോക്ക്/ മുനിസിപ്പാലിറ്റി/ കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസുകളിൽ നിന്നും ലഭിക്കും.