തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കുന്നതായി ചൂണ്ടിക്കാട്ടി എസ്എഫ്ഐ നാളെ (ജൂലൈ 10) സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കും. എല്ലാ ജില്ലാകേന്ദ്രങ്ങളിലും കേന്ദ്രസർക്കാർ ഓഫീസുകളിലേക്ക് എസ്എഫ്ഐ പ്രവർത്തകർ പ്രതിഷേധമാർച്ച് നടത്തും. കേരള സർവകലാശാലയിലേക്ക് എസ്എഫ്ഐ ഇന്നലെ നടത്തിയ പ്രതിഷേധത്തിനിടെ 30 പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ കോടതി റിമാൻഡ് ചെയ്തു. ഇതിൽ പ്രതിഷേധിച്ചാണ് നാളെ പഠിപ്പ്മുടക്ക്. സർവകലാശാലകളെ തകർക്കാൻ കേരള ഗവർണ്ണർ ശ്രമിക്കുകയാണെന്ന് ചൂണ്ടിക്കട്ടിയാണ് സമരമെന്ന് ഭാരവാഹികൾ പറഞ്ഞു.
പഠിപ്പു മുടക്കിനെ തുടർന്ന് കേരളത്തിലെ ഭൂരിഭാഗം സ്കൂളുകളിലും കോളജുകളിലും നാളെ ക്ലാസ്സുകൾ തടസ്സപ്പെട്ടേക്കാം. ആർഎസ്എസ് നിർദേശം അനുസരിച്ച് ഗവർണർ രാജേന്ദ്ര ആർലേക്കറും താൽകാലിക വൈസ് ചാൻസലർമാരും ചേർന്ന് സർവകലാശാലകളെ തകർക്കാൻ നടത്തുന്ന നീക്കങ്ങൾക്കെതിരെയാണ് പ്രക്ഷോഭം എന്ന് നേതാക്കൾ പറഞ്ഞു.