തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ വായനയ്ക്ക് ഗ്രേസ് മാർക്ക് നൽകാൻ ഒരുങ്ങുകയാണ് പൊതുവിദ്യാഭ്യാസ വകുപ്പ്. വിദ്യാർത്ഥികൾ വർത്തമാന പത്രങ്ങളും മറ്റു പുസ്തകങ്ങളും ലൈബ്രറിയിൽ നിന്നെടുത്ത് വായിക്കണമെന്നും അതിനെക്കുറിച്ചു ചർച്ച ചെയ്യണമെന്നുമാണ് നിർദേശം. ഇത്തരത്തിലുള്ള വിദ്യാർത്ഥികളുടെ ഈ വായനയ്ക്ക് 10 മാർക്ക് ഗ്രേസ് മാർക്ക് നൽകും. സ്കൂളുകളിലെ വായനയ്ക്ക് വിദ്യാർത്ഥികൾ റെഡിയാണെങ്കിലും ലൈബ്രറികളും ലൈബ്രേറിയൻമാരും എവിടെ..? ഈ ചോദ്യത്തിന് മറുപടിയില്ല.! സ്കൂളുകളിലെ ലൈബ്രേറിയൻ തസ്തികയിലെ നിയമന കാര്യത്തിൽ സർക്കാർ ഇപ്പോഴും മൗനം പാലിക്കുകയാണ്. സ്കൂളുകളിൽ ലൈബ്രേറിയൻ തസ്‌തിക സൃഷ്ടിച്ചു നിയമനം നടത്തണമെന്ന നിർദേശത്തിന് 2 പതിറ്റാണ്ടിലേറെ പഴക്കമുണ്ട്. വിദ്യാർത്ഥികളിൽ വായനശീലം വളർത്താനുള്ള പദ്ധതി ആവിഷ്കരിക്കുമ്പോഴും അതിന് ആവശ്യമായ അടിസ്ഥാന സൗകര്യം സ്കൂളുകളിൽ ഒരുക്കുന്നില്ല എന്നതാണ് യാഥാർത്ഥ്യം.
സർക്കാരിന്റെ സാമ്പത്തിക സ്‌ഥിതി ദുർബലമായതിനാൽ മുഴുവൻ സമയവും പ്രവർത്തിക്കുന്ന ലൈബ്രറികൾ യാഥാർത്ഥ്യമാകുമോ എന്ന് കണ്ടറിയണം. സംസ്ഥാനത്ത് നിലവിൽ ഏതാനും സ്കൂളുകളിലാണ് ലൈബ്രറിക്കായി പ്രത്യേകം മുറിയുള്ളത്. മറ്റു സ്കൂളുകളിൽ ക്ലാസ് മുറിയിലോ ഓഫീസ് മുറിയിലോ തയ്യാറാക്കിയ അലമാരയിലാണ് പുസ്തകങ്ങൾ സൂക്ഷിച്ചിരിക്കുന്നത്. ഏതെങ്കിലും ഒരു അധ്യാപകനാണ് ലൈബ്രറിയുടെ ചുമതല. ചുരുക്കിപ്പറഞ്ഞാൽ ഭൂരിഭാഗം സ്കൂളുകളിലും ലൈബ്രറിയും ലൈബ്രേറിയനും ഇല്ല എന്നർത്ഥം.
ലൈബ്രറി സയൻസിൽ ഉന്നത പഠനം പൂർത്തിയാക്കിയ നൂറുകണക്കിന് ഉദ്യോഗാർഥികൾ പുറത്ത് ജോലി കാത്തിരിക്കുമ്പോഴാണ് സ്കൂളുകളിലെ ലൈബ്രേറിയൻ നിയമനം അനന്തമായി നീളുന്നത്. ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർഥികളിൽ നിന്ന് ലൈബ്രറി ഫീസായി നിശ്ചിത തുക ഇടാക്കുന്നുണ്ടെങ്കിലും പലയിടത്തും ലൈബ്രറിയില്ല. ഈ വർഷം മുതൽ എസ്എസ്എൽസി പരീക്ഷയിൽ വായനയ്ക്ക് മാർക്ക് ഗ്രേസ് മാർക്ക് നൽകുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചിട്ടുണ്ട്.
പത്രാധിപന്മാരുമായും വിദ്യാഭ്യാസ വിദഗ്ദ്ധരുമായും നടത്തിയ ചർച്ചയിലാണ് വായനയ്ക്ക് ഗ്രേസ് മാർക്ക് നൽകണമെന്ന നിർദ്ദേശമുണ്ടായത്. ഗ്രേസ് മാർക്കിനായി കുട്ടികൾ പത്ര-മാസികകൾ, പുസ്‌തകങ്ങൾ എന്നിവ വായിക്കണം. വായിച്ച കാര്യങ്ങൾ കുറിച്ചിടണം. കുട്ടികളുടെ വായന അധ്യാപകർ നിരീക്ഷിക്കും. വായനയ്ക്ക് മാർക്ക് നൽകി, നിരന്തര മൂല്യ നിർണ്ണയതിന്റെ ഭാഗമാക്കുമെന്ന് 2023 ജൂൺ 19 ന് വായന ദിനത്തിൽ മന്ത്രി സൂചന നൽകിയിരുന്നു. എന്നാൽ വായന പ്രോൽസാഹിപ്പിക്കാൻ
സ്കൂളുകളിൽ കാര്യക്ഷമമായ ലൈബ്രറികളും ലൈബ്രേറിയനും വേണ്ടേ എന്ന ചോദ്യം ഉയരുകയാണ്. ഹയർ സെക്കന്റെറി സ്കൂൾ ലൈബ്രേറിയൻ നിയമനം വേണമെന്ന ഉത്തരവ് വന്നിട്ട് 24 വർഷം തികയുന്ന വേളയിലാണ് വായനക്ക് ഗ്രേസ് മാർക്ക് നൽകുമെന്ന് മന്ത്രിയുടെ പ്രഖ്യാപനം ഉണ്ടായത്.
.