തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ കുട്ടികളുടെ കണക്കെടുപ്പ് ഇന്ന് നടക്കുമ്പോൾ, ആധാറിന്റെ ഭാഗമായുള്ള യു.ഐ.ഡി നമ്പർ കിട്ടാത്ത കുട്ടികളുടെ കാര്യം എന്താകുമെന്ന് ആശങ്ക. യു.ഐ.ഡി നമ്പർ കിട്ടാത്തവരെല്ലാം ഈ വർഷത്തെ സ്കൂൾ കണക്കിൽനിന്ന് ഒഴിവാക്കപ്പെടുമെന്ന് പറയുന്നു. നൂറുകണക്കിന് വിദ്യാർഥികളാണ് ആധാർ നമ്പർ കിട്ടാനായി കാത്തിരിക്കുന്നത്. സ്കൂളുകളിലെ തസ്തിക നിർണയവുമായി ബന്ധപ്പെട്ടാണ് ആറാം പ്രവർത്തിദിനമായ ഇന്ന് കുട്ടികളുടെ കണക്ക് എടുക്കുന്നത്. പ്രവേശന സമയത്ത് യു.ഐ.ഡി നമ്പറുണ്ടെങ്കിൽ മാത്രമേ ആ കുട്ടിയെ ഈ അധ്യയനവർഷത്തെ എണ്ണത്തിൽ കൂട്ടുകയുള്ളൂ.
ആധാറെടുക്കുമ്പോൾ ലഭിക്കുന്നത് ഇ.ഐഡി നമ്പർ മാത്രമാണ്. മുൻ വർഷങ്ങളിൽ ഇ.ഐ.ഡി നമ്പർ ഉള്ള കുട്ടികളെ സ്കൂൾ കണക്കിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ, ഇത്തവണ യു.ഐ.ഡി നമ്പറുള്ള കുട്ടികളെ മാത്രമേ എണ്ണത്തിൽ പരിഗണിക്കുകയുള്ളുവെന്ന കർശന നിർദേശമാണ് വിദ്യാഭ്യാസവകുപ്പ് നൽകിയിട്ടുള്ളത്.
യു.ഐ.ഡി.നമ്പർ ലഭിക്കാൻ 90ദിവസം വരെ കാത്തിരിക്കണം. ഇക്കഴിഞ്ഞ മാർച്ചിൽ ആധാറിന് അപേക്ഷിച്ച കുട്ടികൾക്ക് ഇപ്പോഴും യു.ഐ.ഡി നമ്പർ ലഭിച്ചില്ലെന്ന് പറയുന്നു. ഇ.ഐഡി നമ്പർ മാത്രം വെച്ച് കുട്ടികളുടെ എണ്ണം പെരുപ്പിച്ച് കാട്ടി കൃത്രിമം കാണിച്ച് തസ്തികകൾ നിലനിർത്തുന്ന ചില സ്കൂളുകൾ ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് യു.ഐഡി നമ്പർ വേണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയത്.