പാലക്കാട്: ശ്രീകൃഷ്ണപുരം സെൻ്റ് ഡൊമനിക് സ്‌കൂളിലെ ഒൻപതാക്ലാസുകാരി ആശിര്‍നന്ദ തൂങ്ങി മരിച്ച സംഭവത്തില്‍ സ്കൂളിനെതിരെ കടുത്ത ആരോപണവുമായി പിതാവ്. മാര്‍ക്ക് കുറഞ്ഞതിൻ്റെ പേരില്‍ ആശിര്‍നന്ദയെ ക്ലാസ് മാറ്റി ഇരുത്തുകയായിരുന്നുവെന്നും ഇതിൻ്റെ മനോവിഷമത്തിലാണ് മകള്‍ ജീവനൊടുക്കിയതെന്നും പിതാവ് പ്രശാന്ത് സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
മകൾക്ക് മാര്‍ക്ക് കുറഞ്ഞെന്ന് ആരോപിച്ച് സ്‌കൂളിലെ അധ്യാപികയായ സ്റ്റെല്ല രക്ഷിതാക്കളുടെ മീറ്റിങ് വിളിച്ച് ഒരു കത്തെഴുതി വാങ്ങിയിരുന്നു. അടുത്ത പരീക്ഷയ്ക്ക് മാര്‍ക്ക് ഇല്ലായെന്നാണെങ്കില്‍ ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന മകളെ എട്ടാംക്ലാസില്‍ ഇരുത്താൻ തയ്യാറാണെന്ന് രക്ഷിതാക്കള്‍ എഴുതി ഒപ്പിട്ട കത്ത് നൽകണമെന്നാണ് ആവശ്യപ്പെട്ടത്. കത്ത് എന്തിനാണെന്ന് ചോദിച്ചപ്പോള്‍ സ്‌കൂളിലെ നിയമം ഇതാണ് എന്നാണ് പറഞ്ഞത്. മകൾക്ക് പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതോടെ ഡിവിഷന്‍ മാറ്റി. ‘ ഡിവിഷന്റെ അടിസ്ഥാനം പഠനത്തിലെ മികവാണ്. പഠനത്തില്‍ പിന്നോട്ടുള്ള വിദ്യാര്‍ത്ഥികളോടുള്ള അധ്യാപകരുടെ പെരുമാറ്റം മോശമാണ്. കുട്ടികളോട് സംസാരിക്കുന്നതുപോലെയല്ല സംസാരിക്കുന്നത്.
എല്‍കെജി മുതല്‍ ഇതേ സ്‌കൂളിലാണ് മക്കൾ പഠിച്ചിരുന്നത്. ക്ലാസ് മാറ്റിയ ദിവസം സ്‌കൂള്‍ ബസില്‍ നിന്നും ഇറങ്ങിയപ്പോള്‍ അവൾ കുറെ കരഞ്ഞിരുന്നു. തുടര്‍ന്നുള്ള മണിക്കൂറില്‍ ചോദിക്കുന്നതിന് മാത്രമായിരുന്നു മകള്‍ ഉത്തരം നല്‍കിയിരുന്നത്. ഹോം ട്യൂഷനില്‍ പങ്കെടുക്കുന്നതിനായി വീടിന്റെ മുകളിലത്തെ മുറിയില്‍ പോയി. കുറച്ചുകഴിഞ്ഞുനോക്കിയപ്പോഴാണ് മകളെ ഈ നിലയില്‍ കണ്ടത്. പിതാവ് പറഞ്ഞു. സംഭവത്തിൽ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും പ്രശാന്ത് പറഞ്ഞു.