തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷയുടെ മൂല്യനിർണയം ഏപ്രിൽ 3ന് ആരംഭിക്കും. എസ്എസ്എൽസി, റ്റിഎച്ച്എസ്എൽസി, എഎച്ച്എസ്എൽസി, എസ്എസ്എൽസി (എച്ച്.ഐ.), റ്റിഎച്ച്എസ്എൽസി (എച്ച്.ഐ) THSLC(HI) പരീക്ഷകളുടെ ഉത്തരക്കടലാസുകളുടെ മൂല്യനിർണയം സംസ്ഥാനത്തൊട്ടാകെ പരീക്ഷാഭവൻ ഉൾപ്പെടെ 72 കേന്ദ്രീകൃത ക്യാമ്പുകളിലായി നടക്കും. മൂല്യനിർണയത്തിനുശേഷം മെയ് ആദ്യവാരം ഫലം പ്രഖ്യാപിക്കും. മെയ് 5നകം ഫലം പ്രഖ്യാപിക്കും എന്നാണ് സൂചന. കഴിഞ്ഞവർഷം മെയ് എട്ടിനായിരുന്നു എസ്എസ്എൽസി പരീക്ഷാഫലം പുറത്തുവന്നത്.
ക്യാമ്പുകളുടെ പ്രവർത്തനം 2 സ്‌പെല്ലുകളായാണ് ക്രമീകരിച്ചിരിക്കുന്നത്.
ഒന്നാംസ്‌പെൽ ഏപ്രിൽ 3 മുതൽ 11 വരെയാണ്. രണ്ടാംസ്‌പെൽ, ഏപ്രിൽ 21 മുതൽ 26വരെ നടക്കും.
72 കേന്ദ്രീകൃത മൂല്യനിർണയ ക്യാമ്പുകളിലായി 38,42,910 ഉത്തരക്കടലാസുകളാണ് മൂല്യനിർണ്ണയം നടത്തുക. മൂല്യനിർണയം നടത്തുന്നതിനായി 950 അഡീഷണൽ ചീഫ് എക്‌സാമിനർമാരെയും, ഒൻപതിനായിരത്തോളം എക്‌സാമിനർമാരെയും നിയമിച്ചിട്ടുണ്ട്. ഇതിന് പുറമെ 72 ഐ.ടി മാനേജർമാരെയും 144 ഡേറ്റാ എൻട്രി ജീവനക്കാരെയും 216 ക്ലറിക്കൽ ജീവനക്കാരെയും 72 ക്യാമ്പുകളിലായി നിയമിക്കുന്നതിനായുള്ള നടപടികൾ പുരോഗമിക്കുന്നു. മൂല്യനിർണ്ണയ ക്യാമ്പുകളിലേയ്ക്ക് ആവശ്യമായ സ്‌കോർഷീറ്റ്, ഫാറങ്ങൾ എന്നിവയുടെ പ്രിന്റിങ് പൂർത്തിയായിട്ടുണ്ട്. മാർച്ച് അവസാന വാരം മുതൽ ഇതിന്റെ വിതരണം ആരംഭിക്കും.