കോഴിക്കോട്: എസ്എസ്എൽസി പരീക്ഷാ നടത്തിപ്പിൽ അനധികൃതമായി അധ്യാപകർ ഇടപെടുന്നതായി സൂചന. ഡ്യൂട്ടി ഇല്ലാത്ത അധ്യാപകരും പരീക്ഷ നടക്കുന്ന സ്കൂളിൽ എത്തുന്നതായി കണ്ടെത്തി. പരീക്ഷാ ദിവസം കുട്ടികളെ സഹായിക്കാൻ സ്കൂളിൽ എത്തണം എന്നാവശ്യപ്പെട്ട് വാട്സ്ആപ്പ് ഗ്രൂപ്പിൽ വന്ന ശബ്ദ സന്ദേശങ്ങൾ പുറത്തായി. കോഴിക്കോട് വില്ല്യാപ്പള്ളി എംജെവി ഹയർ സെക്കന്ററി സ്കൂളിലെ വാട്സ്ആപ്പ് ഗ്രൂപ്പിലാണ് ഓഡിയോ സന്ദേശം വന്നത്. ഈ വർഷം എ പ്ലസ് കുറയാൻ സാധ്യതയുണ്ടെന്നും അതുകൊണ്ട് കുട്ടികളെ സഹായിക്കണം എന്നുമായിരുന്നു സന്ദേശം. പരാതി ഉയർന്നതോടെ പിന്നാലെ സ്കൂളിൽ സ്പെഷ്യൽ സ്ക്വാഡ് പരിശോധന നടത്തുകയും ക്രമക്കേട് കണ്ടെത്തുകയും ചെയ്തിരുന്നു. ഇതേ തുടർന്ന് അന്വേഷം ആരംഭിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകി. കോഴിക്കോട് ഡിഡിഇ പൊലീസ് ഇൻ്റലിജൻസ് പരിശോധനയ്ക്കും ശുപാർശ ചെയ്തു.
എംജെവിഎച്ച്എസ്എസ് വാട്സ്ആപ്പ് ഗ്രൂപ്പിലെ ഓഡിയോ സന്ദേശത്തിലെ പ്രധാന ഭാഗം ഇങ്ങനയാണ്:
🌐’പരീക്ഷാ ഡ്യൂട്ടി ഇല്ലാത്ത അധ്യാപകർ പരീക്ഷാ ദിവസം സ്കൂളിലെത്തണമെന്ന് പല പ്രാവശ്യം പറഞ്ഞതാണ്. കഴിഞ്ഞ ദിവസങ്ങളിൽ വന്നിരുന്നു.. പക്ഷേ ഇന്ന് എല്ലാവരും കൂടി ലീവെടുത്തു കളഞ്ഞു. ഒരാൾ പോലും വന്നില്ല. അവസാനം സോഷ്യൽ പരീക്ഷയ്ക്ക് നമ്മുക്ക് എങ്ങനെയെങ്കിലും സഹായിക്കാൻ സാധ്യതയുളള കുട്ടികൾക്ക് എന്തെങ്കിലും പറഞ്ഞു കൊടുക്കാൻ സോഷ്യൽ സയൻസ് അധ്യാപകർ വേണ്ടെ. അവസാനം എച്ച് എം സാലിയെ വിളിച്ചു വരുത്തി”….. പരീക്ഷയിൽ അധ്യാപകർ അനധികൃതമായി ഇടപെടുന്നു എന്നതിന്റെ തെളിവാണ് ഇതോടെ പുറത്തുവന്നത്. സംഭവത്തിൽ പൊതു വിദ്യാഭ്യാസ വകുപ്പ് നടപടിയെടുക്കും എന്നാണ് സൂചന.