തിരുവനന്തപുരം: പ്ലസ് ടു പാസായവർക്കുള്ള 4 വർഷത്തെ ഇന്റഗ്രേറ്റഡ് ബിഎഡ് കോഴ്സ് പ്രവേശന പരീക്ഷ ഏപ്രിൽ 29ന് നടക്കും. നാഷനൽ ടെസ്റ്റിങ് ഏജൻസിയാണ് ദേശീയ പൊതുപ്രവേശന പരീക്ഷ നടത്തുക. പ്രവേശന പരീക്ഷയ്ക്കുള്ള ഓൺലൈൻ അപേക്ഷ മാർച്ച് 16വരെ നൽകാം. പരീക്ഷ വിജ്ഞാപനവും വിശദവിവരങ്ങളും https://exams.nta.ac.in/NCETൽ ലഭ്യമാണ്. അപേക്ഷകർക്ക് പ്രായപരിധിയില്ല. പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ പരീക്ഷ പാസായവർക്കും 2025ൽ യോഗ്യത പരീക്ഷയെഴുതുന്നവർക്കും അപേക്ഷിക്കാം. എന്നാൽ, അതത് സർവകലാശാലാ സ്ഥാപനങ്ങൾ നടത്തുന്ന നാലുവർഷ സംയോജിത ടീച്ചർ എജുക്കേഷൻ (ഇന്റഗ്രേറ്റഡ് ബി.എഡ്) പ്രോഗ്രാമുകൾക്ക് നിഷ്കർഷിച്ച യോഗ്യതയുള്ളവർക്കാണ് പ്രവേശനത്തിന് അർഹത. ജനറൽ വിഭാഗത്തിലുള്ളവർക്ക് 1200 രൂപയാണ് അപേക്ഷ ഫീസ്. ഒ.ബി.സി, എൻ.സി.എൽ/ഇ.ഡബ്ല്യു.എസ്- എന്നീ വിഭാഗങ്ങൾക്ക് 1000 രൂപ, എസ്.സി/എസ്.ടി/പി.ഡബ്ല്യു.ബി.ഡി/തേർഡ് ജൻഡർ- 650 രൂപ മതി. അപേക്ഷയിലെ തെറ്റുകൾ തിരുത്തുന്നതിന് മാർച്ച് 18, 19 തീയതികളിൽ വിൻഡോ തുറക്കും
കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയിൽ മലയാളത്തിന് പുറമെ തമിഴ്, കന്നട, തെലുങ്ക്, ഉർദു, ഇംഗ്ലീഷ്, ഹിന്ദി അടക്കം 13 ഭാഷകളിൽ ചോദ്യപേപ്പറുകളുണ്ടാവും. കേരളം, ലക്ഷദ്വീപ് പരീക്ഷ കേന്ദ്രങ്ങളിൽ ഇംഗ്ലീഷ്, മലയാളം ഭാഷകളിലെ ചോദ്യപേപ്പറുകൾ ലഭ്യമാകും. കേരളത്തിൽ ഇടുക്കി, കോട്ടയം, എറണാകുളം, മലപ്പുറം, പാലക്കാട്, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലും ലക്ഷദ്വീപിലെ കവരത്തിയിലും പരീക്ഷ കേന്ദ്രങ്ങളുണ്ടാവും. എൻ.സി.ഇ.ടി 2025 സ്കോർ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കപ്പെട്ട 64 കേന്ദ്ര/സംസ്ഥാന സർവകലാശാലകൾ, സ്ഥാപനങ്ങൾ, ഐ.ഐ.ടികൾ, എൻ.ഐ.ടികൾ, ആർ.ഐ.ഇകൾ (റീജനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജുക്കേഷൻ) 2025-26 വർഷം നടത്തുന്ന നാലുവർഷ ബി.എ ബി.എഡ്, ബി.എസ്സി ബി.എഡ്, ബി.കോം ബി.എഡ് കോഴ്സുകളിൽ പ്രവേശനംതേടാം. ആകെ 6100 സീറ്റുകളിലാണ് പ്രവേശനം. കേരളത്തിൽ കാസർകോട് (പെരിയ) കേന്ദ്രസർവകലാശാലയിൽ ബി.എസ്സി ബി.എഡ്, ബി.എ.ബി.എഡ്, ബി.കോം ബി.എഡ് കോഴ്സുകളിൽ ഓരോന്നിലും 50 സീറ്റുകൾ വീതമുണ്ട്. കോഴിക്കോട് എൻ.ഐ.ടിയിൽ ബി.എസ്സി ബി.എഡ് കോഴ്സിൽ 50 സീറ്റുകളാണുള്ളത്. കേന്ദ്ര സംസ്കൃത സർവകലാശാാല, ഗുരുവായൂർ കാമ്പസിൽ ബി.എ ബി.എഡ് കോഴ്സിൽ 100 സീറ്റുണ്ട്. വിവിധ സംസ്ഥാനങ്ങളിലുള്ള സ്ഥാപനങ്ങളും കോഴ്സുകളും സീറ്റുകളും അടങ്ങിയ പട്ടിക വിവരണപത്രികയിലുണ്ട്.