തിരുവനന്തപുരം: വിദ്യാർഥികളുടെ അക്കാദമിക ഭാരം ലഘൂകരിക്കാൻ ലക്ഷ്യമിട്ട് എല്ലാ വർഷവും 10 ദിവസം ബാഗില്ലാത്ത സ്കൂൾ ദിനങ്ങൾ നടപ്പാക്കാൻ സിബിഎസ്ഇയുടെ ആലോചന. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം സിബിഎസ്ഇ, എൻസിഇആർടി, കേന്ദ്രീയ വിദ്യാലയങ്ങൾ, നവോദയ വിദ്യാലയ സമിതി എന്നിവയുമായി ചർച്ച നടത്തിക്കഴിഞ്ഞു.
2026-2027 അധ്യയന വർഷം മുതൽ സിബിഎസ്ഇ സിലബസിലുള്ള 260 വിദേശ സ്കൂളുകൾക്ക് ആഗോളതലത്തിലുള്ള പാഠ്യപദ്ധതി രൂപവത്കരിക്കാനും സിബിഎസ്ഇ പദ്ധതിയുണ്ട്. ഇന്ത്യൻ വിഷയങ്ങൾ അടിസ്ഥാനമാക്കിയായിരിക്കും പാഠ്യപദ്ധതി സംയോജിപ്പിക്കുക. അതു കൂടാതെ 11,12 ക്ലാസുകളിലെ വിദ്യാർഥികൾക്ക് ഒരു ഇന്ത്യൻ ഭാഷയുൾപ്പെടെ രണ്ടു ഭാഷകൾ പഠിക്കുന്നത് നിർബന്ധമാക്കും.