സ്കൂൾ കലോത്സവം കത്തിക്കയറുന്നു: 3ജില്ലകൾ തമ്മിൽ കടുത്തമത്സരം

Jan 5, 2025 at 8:25 pm

Follow us on

തിരുവനന്തപുരം:സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ രണ്ടാം ദിനത്തിൽ 3 ജില്ലകൾ തമ്മിൽ കടുത്ത പോരാട്ടം. ഓരോ മണിക്കൂറിലും ഓരോ പോയിന്റ് വ്യത്യാസത്തിലാണ് മുന്നേറ്റം നടക്കുന്നത്. ഒന്നാം സ്ഥാനത്ത് കണ്ണൂർ ജില്ല മുന്നേറ്റം തുടരുകയാണ്. 414 പോയിന്റുമായി കണ്ണൂർ ഒന്നാം സ്ഥാനത്താണ്. 413 പോയിന്റുമായി തൃശൂരും 413 പോയിന്റുമായി കോഴിക്കോടും രണ്ടാം സ്ഥാനത്തുണ്ട്. 405 പോയിന്റുമായി പാലക്കാട്‌ മൂന്നാം സ്ഥാനത്തും മുന്നേറുകയാണ്. ആദ്യദിനമായ ഇന്നലെ 24 വേദികളിലായി 58 ഇനങ്ങളാണ് പൂര്‍ത്തിയായത്. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 23 ഇനങ്ങളും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 22 ഇനങ്ങളും നടന്നു. സംസ്‌കൃതം കലോത്സവത്തില്‍ 7 ഇനങ്ങളും അറബിക് കലോത്സവത്തില്‍ 6 ഇനങ്ങളും പൂര്‍ത്തിയായി.

14 ജില്ലകളില്‍ നിന്നുള്ള ഷെഡ്യൂള്‍ഡ് മത്സര ഇനങ്ങളെ കൂടാതെ കോടതി വഴി 42 ഇനങ്ങളും (ഹൈക്കോടതി -23, മുന്‍സിഫ് കോടതി -5, ജില്ലാ കോടതി -6, ലോകായുക്ത -8) ഡെപ്യൂട്ടി ഡയറക്ടേഴ്‌സ് മുഖാന്തരം 146, ബാലാവകാശ കമ്മീഷന്‍ വഴി വന്ന ഒരിനവും അടക്കം 189 ഇനങ്ങള്‍ അധികമായി മേളയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
ഹൈസ്‌കൂള്‍ പെണ്‍കുട്ടികളുടെ മോഹിനിയാട്ടം, കുച്ചുപ്പുടി, ലളിതഗാനം, ഹൈസ്‌കൂള്‍ ആണ്‍കുട്ടികളുടെ കഥകളി, ലളിതഗാനം എന്നീ മല്‍സരങ്ങളും ഹയര്‍ സെക്കണ്ടറി പെണ്‍കുട്ടികളുടെ സംഘനൃത്തം, ഭരതനാട്യം മല്‍സരങ്ങളും ഇന്ന് നടന്നു. ഹയര്‍ സെക്കണ്ടറി വിഭാഗത്തിലെ ഒപ്പന, സംഘഗാനം, ദേശഭക്തിഗാനം, കഥകളി ഗ്രൂപ്പ്, പഞ്ചവാദ്യം, അറബന മുട്ട്, ഉറുദു ഗസല്‍ ആലാപനം മല്‍സരങ്ങളും അരങ്ങേറി. ഹൈസ്‌കൂള്‍ വിഭാഗത്തിലെ മാര്‍ഗംകളി, സംസ്‌കൃത നാടകം, അറബനമുട്ട്, ചാക്യാര്‍ കൂത്ത്, നങ്ങ്യാര്‍ കൂത്ത്, നാദസ്വരം, പഞ്ചവാദ്യം മല്‍സരങ്ങള്‍ നടന്നു.

അറബിക് കലോത്സവത്തില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഖുര്‍ ആന്‍ പാരായണം, മുശാറ, സംഭാഷണം എന്നീ ഇനങ്ങളില്‍ മത്സരങ്ങള്‍ നടന്നു. സംസ്‌കൃത കലോത്സവത്തില്‍ ഹൈസ്കൂൾ വിഭാഗത്തില്‍ അഷ്ടപദി, പദ്യംചൊല്ലല്‍, സമസ്യാപൂരണം, പ്രശ്‌നോത്തരി ഇനങ്ങളില്‍ മല്‍സരങ്ങള്‍ നടന്നു. ഹയര്‍ സെക്കണ്ടറി വിഭാഗത്തിലെ കാര്‍ട്ടൂണ്‍, കൊളാഷ്, മലയാളം കഥാരചന തുടങ്ങിയ മല്‍സരങ്ങളും നടന്നു.

Follow us on

Related News