തിരുവനന്തപുരം:സ്കൂൾ കലോത്സവങ്ങളിൽ കഴിവ് തെളിയിക്കുന്ന കലാകാരന്മാരിൽ ഭൂരിഭാഗവും സ്കൂൾകാലം കഴിയുന്നതോടെ ആ രംഗം വിടുന്നതായും ഇക്കാര്യം വളരെ ഗൗരവമായി കലാകേരളം ചർച്ച ചെയ്യണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പഴയ കലാപ്രതിഭകളുടെയും കലാതിലകങ്ങളുടെയും പിന്നീടുള്ള ജീവിതം പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഉദ്ഘാടന പ്രസംഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
സ്കൂൾ കലോത്സവങ്ങളിൽ വിജയികൾ ആകുന്നവരാണ് പിൽക്കാലത്ത് ആ രംഗത്തെ പ്രഗത്ഭരായി മാറുന്നത്. ഇതിന് നിരവധി ഉദാഹരണങ്ങൾ എടുത്തുകാട്ടാനുണ്ട്. എന്നാൽ ഇപ്പോൾ സ്കൂൾ കാലം കഴിയുന്നത്തോടെ കലാപ്രവർത്തനം അവസാനിപ്പിക്കുകയാണ് ഭൂരിഭാഗം പേരും ചെയ്യുന്നതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
ഇത്തരം കലാകാരന്മാരെ കണ്ടെത്തി കലാകേരളത്തിന് മുതൽകൂട്ടാക്കണം. ഇക്കാര്യം സർക്കാർ ശ്രദ്ധ ചെലുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജീവിതത്തിൽ തളരാതെ അതിജീവിക്കാൻ വേണ്ട മനോബലംകൂടി കലാകാരന്മാർ അർജിക്കണമെന്നും അദ്ദേഹം പറഞ്ഞു.