JOIN OUR WHATSAPP ഗGROUP https://chat.whatsapp.com/IsErwW2FufRAfcdgmJDxVE
തിരുവനന്തപുരം:സർക്കാർ, എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എസ്എസ്എൽസി / ടിഎച്ച്എസ്എൽസി, പ്ലസ് ടു / വിഎച്ച്എസ്ഇ പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടുന്നവർക്കും / ബിരുദ തലത്തിൽ 80 ശതമാനം മാർക്കോ / ബിരുദാനന്തര ബിരുദ തലത്തിൽ 75 ശതമാനം മാർക്കോ നേടുന്ന ന്യൂനപക്ഷ മത വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കുമുളള പ്രഫ. ജോസഫ് മുണ്ടശ്ശേരി സ്‌കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. സ്കോളർഷിപ്പ് ആവശ്യമുള്ള വിദ്യാർത്ഥികൾക്ക് ജനുവരി 7 വരെ അപേക്ഷ നൽകാം.
കേരളത്തിൽ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്ലീം, ക്രിസ്ത്യൻ(എല്ലാ വിഭാഗക്കാരും), സിഖ്, ബുദ്ധ, ജൈന, പാഴ്‌സി എന്നീ മതവിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കാണ് സ്‌കോളർഷിപ്പ് ലഭിക്കുന്നത്. 2023-24 അദ്ധ്യയന വർഷത്തിൽ എസ്.എസ്.എൽ.സി / ടി.എച്ച്.എസ്.എൽ.സി, പ്ലസ്ടു / വി.എച്ച്.എസ്.ഇ തലങ്ങളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവർക്ക് 10,000 (പതിനായിരം രൂപ മാത്രം) രൂപയും, ബിരുദ തലത്തിൽ 80 ശതമാനം മാർക്കോ / ബിരുദാനന്തര ബിരുദ തലത്തിൽ 75 ശതമാനം മാർക്കോ നേടുന്ന വിദ്യാർത്ഥികൾക്ക് 15,000 (പതിനയ്യായിരം രൂപ മാത്രം) രൂപയുമാണ് സ്‌കോളർഷിപ്പ് തുകയായി അനുവദിക്കുന്നത്. ബി.പി.എൽ വിഭാഗത്തിൽപ്പെട്ടവർക്ക് മുൻഗണന നൽകും.
ബി.പി.എൽ അപേക്ഷകരുടെ അഭാവത്തിൽ ന്യൂനപക്ഷ മത വിഭാഗത്തിലെ 8 ലക്ഷം രൂപ വരെ വാർഷിക വരുമാനമുളള എ.പി.എൽ. വിഭാഗത്തെയും പരിഗണിക്കും. ന്യൂനപക്ഷ വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുന്നത് കുടുംബ വാർഷിക വരുമാനത്തിന്റെയും മാർക്കിന്റെയും അടിസ്ഥാനത്തിൽ ജനസംഖ്യാനുപാതികമായിട്ടാണ്. http://minoritywelfare.kerala.gov.in വെബ്സൈറ്റിലെ സ്‌കോളർഷിപ്പ് മെന്യൂ ലിങ്ക് മുഖേന ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷയുടെ ഫീൽഡുകൾ പൂർണമായി പൂരിപ്പിച്ച് നിർദ്ദിഷ്ട രേഖകൾ അപ്‌ലോഡ് ചെയ്ത് പ്രിന്റ് ഔട്ടും അനുബന്ധ രേഖകളും നിശ്ചിത തീയതിക്കുളളിൽ വിദ്യാർഥി മുമ്പ് പഠിച്ചിരുന്ന സ്ഥാപന മേധാവിയ്ക്ക് സമർപ്പിച്ചിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് : 0471 2300524, 0471-2302090