തിരുവനന്തപുരം:സംസ്ഥാനത്ത് ഈ വർഷം മുതൽ എഞ്ചിനീയറിങ്, ഫാർമസി പ്രവേശനപരീക്ഷകൾ (KEAM) ഓൺലൈനായി നടക്കും. 2024 ജൂൺ 5 മുതൽ 9 വരെയാണ് വിവിധ കേന്ദ്രങ്ങളിലായി പരീക്ഷ നടക്കുന്നത്.
സംസ്ഥാനത്തെ എല്ലാ ജില്ലകളിലുമായി 130 സര്‍ക്കാര്‍/സ്വാശ്രയ/ സ്ഥാപനങ്ങളിലെ 198 പരീക്ഷാ കേന്ദ്രങ്ങളിലും, ഡല്‍ഹിയിലെ രണ്ട് പരീക്ഷാകേന്ദ്രങ്ങളിലും, മുംബൈ, ദുബായ് എന്നിവിടങ്ങളിലെ ഓരോ കേന്ദ്രങ്ങളിലുമായാണ് പരീക്ഷ നടക്കുക. 1,13,447 (ഒരു ലക്ഷത്തി പതിമൂവായിരത്തി നാന്നൂറ്റി നാൽപ്പത്തി ഏഴ്) വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതും. സര്‍ക്കാര്‍ സ്ഥാപനമായ സി-ഡിറ്റ് ആണ് ഓൺലൈൻ പരീക്ഷയ്ക്കായുള്ള സോഫ്റ്റ്‌വെയര്‍ വികസിപ്പിച്ചത്. സംസ്ഥാനത്ത് ആദ്യമായാണ് ഇത്ര വിപുലമായ രീതിയിൽ ഓൺലൈൻ പരീക്ഷ നടത്തുന്നത്. പരീക്ഷയ്ക്കായി തയ്യാറാക്കിയ സോഫ്റ്റ്‌വെയറും അനുബന്ധ ഉപകരണങ്ങളുടെ പ്രവർത്തനവും വിലയിരുത്താൻ മെയ് 24ന് മോക്ക് ടെസ്റ്റും 25ന് ട്രയല്‍ പരീക്ഷയും പൂർത്തിയാക്കി. ഏതെങ്കിലും സാഹചര്യത്തില്‍ ഒരു പ്രത്യേക പരീക്ഷാ കേന്ദ്രത്തിലെയോ ഏതെങ്കിലും ദിവസത്തെയോ പരീക്ഷ മാറ്റിവയ്‌ക്കേണ്ടി വന്നാൽ ആ പരീക്ഷ ജൂൺ 10ന് നടത്തുന്ന രീതിയിൽ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.
ഒരു ദിവസം പരമാവധി 18,993 പേർക്ക് പരീക്ഷ എഴുതാനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ഒരു പരീക്ഷാ കേന്ദ്രത്തിൽ ഒരേ സമയം പരമാവധി 126 കുട്ടികൾക്ക് വരെ പരീക്ഷ എഴുതാം. എല്ലാ കേന്ദ്രങ്ങളിലും കരുതൽ കമ്പ്യൂട്ടറുകളും ഒരുക്കിയിട്ടുണ്ട്. പ്രവേശന പരീക്ഷാ കമ്മീഷണറേറ്റിൽ പരീക്ഷ നടത്തിപ്പിനായി പ്രത്യേക കൺട്രോൾ റൂം ആരംഭിച്ചിട്ടുണ്ട്. ജില്ലാ തലങ്ങളിലും കൺട്രോൾ റൂമുകൾ തുറന്നു കഴിഞ്ഞു.
നോഡൽ ഓഫീസർക്കായിരിക്കും ജില്ലകളിലെ മേൽനോട്ട ചുമതല. 130 കേന്ദ്രങ്ങളിലും പ്രത്യേക കോർഡിനേറ്റർമാരും നിരീക്ഷകരും ഉണ്ടായിരിക്കും. പരീക്ഷാ കേന്ദ്രങ്ങളിലെ സെർവറുകൾ ഉൾപ്പെടെയുള്ളവയുടെ ചുമതല ബന്ധപ്പെട്ട ചീഫ് സൂപ്രണ്ടിനായിരിക്കും. ദുബായ് കേന്ദ്രത്തിൽ ജൂൺ 6നും മുംബൈ, ഡൽഹി ഉൾപ്പെടെയുള്ള മറ്റു കേന്ദ്രങ്ങളിലെല്ലാം ജൂൺ അഞ്ചിനു തന്നെയും പരീക്ഷ തുടങ്ങും. ബി ഫാം പ്രവേശനത്തിനുള്ള പ്രത്യേക പരീക്ഷ ജൂൺ 6 ന് ഉച്ചക്ക് ശേഷം 3.30 മുതൽ 5 മണി വരെ നടക്കും.
സാങ്കേതിക കാരണത്താൽ ഏതെങ്കിലും കേന്ദ്രത്തിൽ പരീക്ഷ തുടങ്ങാൻ വൈകിയാൽ പരീക്ഷാ സമയം അതനുസരിച്ച് പുനഃക്രമീകരിക്കുന്നതാണ്. മഴയുടെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് എല്ലാ പരീക്ഷ കേന്ദ്രങ്ങളിലും യുപിഎസ് ബാക്ക്-അപ്പും ജനറേറ്ററും സജ്ജീകരിച്ചിട്ടുണ്ട്.
ഓൺലൈൻ പ്രവേശന പരീക്ഷയ്ക്ക് മുന്നോടിയായി പരീക്ഷാർത്ഥികൾക്കായുള്ള മാർഗ്ഗനിർദേശങ്ങൾ ഇനി പറയുന്നു:
രാവിലെ 7:30 ന് പരീക്ഷാർത്ഥികൾ പരീക്ഷാ കേന്ദ്രങ്ങളിൽ റിപ്പോർട്ട് ചെയ്യേണ്ടതും ബയോമെട്രിക് വിവരങ്ങൾ നൽകേണ്ടതുമാണ്. 9:30 നു ശേഷം പരീക്ഷാ കേന്ദ്രത്തിൽ പ്രവേശനം അനുവദിക്കുന്നതല്ല കൃത്യം രാവിലെ 9.45ന് വിദ്യാര്‍ത്ഥികളുടെ ലോഗിന്‍ വിന്‍ഡോയില്‍ 15 മിനിട്ടുള്ള മോക്ക് ടെസ്റ്റ് തുടങ്ങും; ടൈമര്‍ സീറോയില്‍ എത്തുമ്പോള്‍ പരീക്ഷ ആരംഭിക്കും ബി ഫാം പ്രവേശനത്തിനുള്ള വിദ്യാർത്ഥികൾ ഉച്ചയ്ക്ക് ഒരു മണിക്ക് റിപ്പോർട്ട് ചെയ്യണം
പരീക്ഷയ്ക്കായുള്ള അഡ്മിറ്റ് കാര്‍ഡ് ക്യാന്‍ഡിഡേറ്റ് പോര്‍ട്ടലില്‍ ലഭ്യമാക്കിയിട്ടുണ്ട് വിദ്യാര്‍ത്ഥികള്‍ അഡ്മിറ്റ് കാര്‍ഡിനോടൊപ്പം അഡ്മിറ്റ് കാര്‍ഡില്‍ പരാമര്‍ശിച്ചിരിക്കുന്ന ഏതെങ്കിലും തിരിച്ചറിയല്‍ രേഖകൂടി നിര്‍ബന്ധമായും ഹാജരാക്കണം.