തിരുവനന്തപുരം:ഹയർ സെക്കന്ററി സിലബസിൽ നിന്ന് ഒഴിവാക്കിയ പാഠഭാഗങ്ങൾ എൻജിനീയറിങ് പ്രവേശന പരീക്ഷ സിലബസിൽ നിന്ന് ഒഴിവാക്കാൻ നടപടിയായില്ല. ഹയർ സെക്കന്ററി സിലബസിൽ നിന്ന് ഒഴിവാക്കിയ പാഠഭാഗങ്ങൾ എൻജിനീയറിങ് പ്രവേശന പരീക്ഷ സിലബസിൽ നിന്ന് ഒഴിവാക്കാൻ പ്രവേശന പരീക്ഷ കമീഷണർ ഏപ്രിൽ 8ന് ഉന്നത വിദ്യാഭ്യാസ വകുപ്പിന് ശുപാർശ നൽകിയെങ്കിലും ഇതുവരെ സിലബസിൽ മാറ്റം വരുത്തിയുള്ള ഉത്തരവിറക്കിയിട്ടില്ല. പഠനഭാരം ലഘൂക രിക്കുന്നതിന്റെ ഭാഗമായാണ് എൻസിഇആർടി സിലബസിൽ മാറ്റം വരുത്തിയത്. ഈ മാറ്റം എൻസിഇആർടി സിലബസ് പിന്തുടരുന്ന കേരളത്തിൽ രണ്ടുവർഷം മുമ്പ് സയൻസ് വിഷയങ്ങളിൽ നടപ്പാക്കിയിരുന്നു.
വെട്ടിക്കുറച്ച പാഠഭാഗങ്ങൾ ഹയർ സെക്കൻഡറി ക്ലാസുകളിൽ വിദ്യാർഥികളെ പഠിപ്പിച്ചിരുന്നില്ല. സിലബസിലെ മാറ്റം വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എസ്.സി.ഇ.ആർ.ടി പ്രവേശന പരീക്ഷ കമീഷണറേറ്റിനെ രേഖാമൂലം അറിയിച്ചിരുന്നു. എന്നാൽ, ഇത് പരിഗണിക്കാതെ പഠിപ്പിക്കാത്ത പാഠഭാഗങ്ങൾ കൂടി ഉൾപ്പെടുത്തിയ സിലബസ് സഹിതമാണ് പ്രവേശന പരീക്ഷയുടെ പ്രോസ്പെക്ടസ് പ്രസിദ്ധീകരിച്ചത്. സിലബസിൽ മാറ്റം വരുത്താത്തത് ആയിരക്കണക്കിന് വിദ്യാർഥികളെ ആശങ്കയി ലാക്കിയിയിട്ടുണ്ട്. ഗണിതം, ഫിസിക്സ്, കെമിസ്ട്രി എന്നിവയുടെ സിലബസിലാണ് മാറ്റം വരുത്തേണ്ടത്. ജൂൺ ഒന്നുമുതൽ 9വരെയാണ് പ്രവേശന പരീക്ഷ നിശ്ചയിച്ചിട്ടുള്ളത്.