തേഞ്ഞിപ്പലം:പ്രസവ ശസ്ത്രക്രിയക്കിടെ മരിച്ച ഗവേഷണ വിദ്യാർഥിനിക്ക് മരണാനന്തര ബഹുമതിയായി പിഎച്ച്ഡി നൽകാൻ കാലിക്കറ്റ് സർവകലാശാലാ സിൻഡിക്കേറ്റ് തീരുമാനം. ശനിയാഴ്ച ചേർന്ന സിൻഡിക്കേറ്റ് യോഗത്തിലാണ്
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ ജന്തുശാസ്ത്ര വിഭാഗം ഗവേഷണ വിദ്യാർഥിനിയായിരുന്ന പ്രിയാ രാജന് ഗവേഷണ ബിരുദം നൽകാൻ തീരുമാനിച്ചത്.
യോഗത്തിൽ വൈസ് ചാൻസലർ ഡോ. എം.കെ. ജയരാജ് അധ്യക്ഷത വഹിച്ചു. 2018 ഓഗസ്റ്റിൽ പ്രസവ ശസ്ത്രക്രിയക്കിടെ പ്രിയ മരിക്കുകയായിരുന്നു. പ്രിയയുടെ പെൺകുഞ്ഞിനെ മാത്രമേ രക്ഷിക്കാനായുള്ളൂ. ഡോ. ബാലു ടി. കുഴിവേലിൽ ആയിരുന്നു പ്രിയയുടെ ഗവേഷണ ഗൈഡ്. പ്രബന്ധ സമർപ്പണം കഴിഞ്ഞ ശേഷമായിരുന്നു മരണം.
തൃശ്ശൂർ ജില്ലയിലെ ചെമ്പൂക്കാവ് ആലക്കപ്പള്ളി എ.ടി. രാജൻ – മേഴ്സി ദമ്പതികളുടെ മകളാണ് പ്രിയ. വിദ്യാഭ്യാസ സ്ഥാപനം നടത്തുന്ന ചിരിയങ്കണ്ടത്ത് വീട്ടിൽ പയസ് സി. പോളാണ് പ്രിയയുടെ ഭർത്താവ്. ഇപ്പോൾ യു.കെ.ജിയിൽ പഠിക്കുന്ന മകൾ ആൻ റിയ കൂടി സർവകലാശാലയിലേക്ക് വരും നേരിട്ടു കണ്ടില്ലാത്ത അമ്മയുടെ പി.എച്ച്.ഡി. ഏറ്റുവാങ്ങാൻ.