പ്രധാന വാർത്തകൾ
പ്ലസ് വൺ രണ്ടാം സപ്ലിമെന്ററി അലോട്മെന്റ് ഫലം ഇന്ന് രാത്രി: പ്രവേശനം നാളെ മുതൽവിവിധ തസ്തികകളിലെ പി.എസ്.സി. നിയമനം: അപേക്ഷ 14വരെഇന്ത്യൻ നാവികസേനയിൽ വിവിധ തസ്തികളിൽ നിയമനം: 741 ഒഴിവുകൾഎൽഎസ്എസ് – യുഎസ്എസ് സ്കോളർഷിപ്പ് കുടിശിക 27.61 കോടി അനുവദിച്ചു: മന്ത്രി വി ശിവൻകുട്ടിപ്ലസ് വൺ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ്: 23ന് വൈകിട്ട് 5വരെ അപേക്ഷ പുതുക്കാംസംസ്ഥാന സർക്കാരിന്റെ ഉജ്ജ്വല ബാല്യം പുരസ്കാരം: അപേക്ഷ ഓഗസ്റ്റ് 15വരെപിജി ഡെന്റൽ പ്രവേശനം: അന്തിമ മെറിറ്റ് ലിസ്റ്റ് & കാറ്റഗറി ലിസ്റ്റ്നാളെ നടക്കുന്ന പ്ലസ് വൺ സ്കൂൾ, കോമ്പിനേഷൻ ട്രാൻസ്ഫർ അലോട്മെന്റ് പ്രോട്ടോകോൾ പാലിച്ച്ആനക്കയത്തും പാണ്ടിക്കാട്ടും വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനിശ്ചിത കാലത്തേക്ക് അടച്ചു: മലപ്പുറത്തെ നിപ നിയന്ത്രണങ്ങള്‍ ഇങ്ങനെപ്ലസ് വൺ സ്‌കൂൾ, കോമ്പിനേഷൻ ട്രാൻസ്‌ഫർ അഡ്‌മിഷൻ 22,23 തീയതികളിൽ: ലിസ്റ്റ് ഉടൻ

മലയാള സർവകലാശാലയും സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ടും കൈകോർക്കും: മലയാളത്തെ വിജ്ഞാന ഭാഷയായി വികസിപ്പിക്കുക ലക്ഷ്യം

Oct 14, 2023 at 12:30 pm

Follow us on

തിരുവനന്തപുരം:മലയാളത്തെ വിജ്ഞാന ഭാഷയായി വികസിപ്പിക്കാനും നവവിജ്ഞാന സമൂഹ സൃഷ്ടിയിൽ വിദ്യാഭ്യാസ സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയും സർവവിജ്ഞാന കോശം ഇൻസ്റ്റിറ്റ്യൂട്ടും ധാരണപത്രത്തിൽ ഒപ്പുവെച്ചു. മന്ത്രി ഡോ. ആർ.ബിന്ദു വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. സർവവിജ്ഞാന കോശം ഇൻസ്റ്റിറ്റ്യൂട്ടും മലയാള സർവ്വകലാശാലയും ചേർന്നുള്ള അക്കാദമിക് പ്രവർത്തനങ്ങൾക്കാണ് ഇതുവഴി തുടക്കമായിരിക്കുന്നത്.

വിജ്ഞാനം മാതൃഭാഷയിൽ കേരളീയർക്ക് ലഭ്യമാക്കാനും ഉണ്ടാകുന്ന വൈജ്ഞാനിക-സാമൂഹ്യമുന്നേറ്റങ്ങൾ ജനങ്ങളിൽ എത്തിക്കാനും പ്രവർത്തിക്കുന്ന സ്ഥാപനമാണ് സർവ്വവിജ്ഞാന കോശം ഇൻസ്റ്റിറ്റ്യൂട്ട്. മാതൃഭാഷയിലൂടെ അക്കാദമിക് പ്രവർത്തനങ്ങൾ നിറവേറ്റുന്നതിന് നേതൃത്വം നൽകാൻ ആരംഭിച്ചതാണ് തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവ്വകലാശാല. ഇവ രണ്ടും ചേർന്ന് കേരളത്തിലെ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും പ്രയോജനപ്പെടുന്ന വിധം വിവിധ മേഖലകളിൽ സഹകരിച്ച് പ്രവർത്തിക്കുന്നതിനാണ് ധാരണപത്രം – മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. വിജ്ഞാനത്തിന്റെയും മനുഷ്യവിഭവശേഷിയുടെയും കൈമാറ്റം, വിദ്യാർത്ഥികൾക്കു വേണ്ട പഠനസാമഗ്രികളുടെ പ്രസിദ്ധീകരണം, അക്കാദമിക് പ്രസിദ്ധീകരണങ്ങൾ പുറത്തിറക്കൽ, വൈജ്ഞാനിക ഗ്രന്ഥങ്ങളുടെ നിർമ്മാണം തുടങ്ങിയ മേഖലകളിലാണ് സർവ്വവിജ്ഞാന കോശം ഇൻസ്റ്റിറ്റ്യൂട്ടും മലയാള സർവ്വകലാശാലയും സഹകരിച്ചു പ്രവർത്തിക്കുക.

വൈജ്ഞാനിക മേഖലയിലെ പുതിയ അറിവുകൾ പരസ്പരം കൈമാറുക, അക്കാദമിക രചനയുടെ നൂതന മാതൃകകൾ വികസിപ്പിക്കുക, വൈജ്ഞാനിക മേഖലയിൽ കാലാനുസൃതമായ പാഠ്യപദ്ധതി വികസിപ്പിക്കുക, ഹ്രസ്വകാല കോഴ്സുകൾ നടത്തുക, വൈജ്ഞാനിക സെമിനാറുകളും ശില്പശാലകളും സംഘടിപ്പിക്കുകയും അതിനുള്ള പശ്ചാത്തല സൗകര്യം പങ്കുവെക്കുകയും ചെയ്യുക, ഇൻസ്റ്റിറ്റ്യൂട്ട് ലൈബ്രറിയെ യൂണിവേഴ്സിറ്റി റഫറൻസ് ലൈബ്രറിയായി പരിഗണിക്കുക, ഇരു സ്ഥാപനങ്ങളുടെയും മനുഷ്യവിഭവശേഷി പരസ്പരം കൈമാറുക, സംയുക്തമായി പ്രസിദ്ധീകരണങ്ങൾ ഏറ്റെടുത്തു നിർവ്വഹിക്കുക, ആവശ്യം വരുന്ന പുതിയ പദ്ധതികൾ ഏറ്റെടുക്കുക എന്നിവയിലാണ് തമ്മിൽ സഹകരിക്കാൻ ധാരണാപത്രം ഒപ്പുവെച്ചത്.

മലയാളഭാഷയും സാഹിത്യവും പഠിപ്പിക്കൽ മാത്രമല്ല, എല്ലാ വിജ്ഞാനവും മലയാള ഭാഷയിലൂടെ കൈകാര്യം ചെയ്യാനുള്ള അവസ്ഥ സൃഷ്ടിക്കുകയാണ് മലയാള സർവ്വകലാശാല സ്ഥാപിച്ചതിലെ ലക്ഷ്യം. ഈ ലക്ഷ്യം സാക്ഷാത്കരിക്കാൻ സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ടുമായുണ്ടാക്കുന്ന ധാരണപത്രം വലിയ അളവിൽ സഹായിക്കും.

നിലവിൽ 11 പഠനവിഭാഗങ്ങളാണ് മലയാള സർവ്വകലാശാലയിൽ ഉള്ളത്. അവിടെയെല്ലാം മലയാളത്തിലാണ് ബോധനവും പരീക്ഷകളും. ഗവേഷണ പ്രബന്ധങ്ങൾ തയ്യാറാക്കുന്നതും മലയാളഭാഷയിലാണ്. എന്നാൽ, ആവശ്യമായ വൈജ്ഞാനിക കൃതികൾ മലയാള ഭാഷയിൽ ലഭ്യമല്ലാത്തതാണ് മലയാള സർവ്വകലാശാലയിലെ വിദ്യാർത്ഥികൾ നേരിടുന്ന ഏറ്റവും വലിയ പരിമിതി. അത് മറികടക്കുകയാണ് ധാരണപത്രം കൊണ്ട് പ്രധാനമായും ലക്ഷ്യമിടുന്നത്.

തുടക്കമെന്ന നിലയ്ക്ക് മലയാള സർവ്വകലാശാലയിലെ അഞ്ച് പഠനവിഭാഗങ്ങൾക്കാവശ്യമായ ലഘു വിജ്ഞാനകോശം സംസ്ഥാന സർവ്വവിജ്ഞാനകോശ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കും. ഇതിന് സർവ്വകലാശാല അക്കാദമിക പിന്തുണ നൽകും. ചലച്ചിത്ര പഠനം, മാധ്യമ പഠനം, പൈതൃക പഠനം, വിവർത്തന പഠനം, പരിസ്ഥിതി പഠനം എന്നീ പഠനവിഭാഗങ്ങൾക്ക് ആവശ്യമായ ലഘു വിജ്ഞാനകോശങ്ങളാണ് ആദ്യം തയ്യാറാക്കുക. തുടർഘട്ടത്തിൽ മറ്റു പഠന വിഭാഗങ്ങളും ലഘു വിജ്ഞാനകോശങ്ങൾ തയ്യാറാക്കും. മലയാള സർവ്വകലാശാലയിലെ അധ്യാപകരും ഗവേഷകരും ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും – മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു.

വാർത്താസമ്മേളനത്തിൽ കൂടെ പങ്കെടുത്തത്:
ഡോ. എൽ സുഷമ (വൈസ് ചാൻസലർ, മലയാള സർവ്വകലാശാല) ഡോ. മ്യൂസ് മേരി ജോർജ് (ഡയറക്ടർ സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്)

Follow us on

Related News