തിരുവനന്തപുരം:സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ 2മാസത്തെ കുടിശ്ശിക ഉടൻ വിതരണം ചെയ്യുമെന്ന് മന്ത്രി വി. ശിവൻകുട്ടി. 2023-24 വർഷത്തെ സംസ്ഥാന സർക്കാരിന്റെ വിഹിതമായ നൂറ്റി അറുപത്തി മൂന്ന് കോടി പതിനഞ്ച് ലക്ഷത്തി നാൽപത്തിയേഴായിരം (163,15,47,000) രൂപയുടെ അമ്പത് ശതമാനം തുകയായ എൺപത്തിയൊന്ന് കോടി അമ്പത്തിയേഴ് ലക്ഷത്തി എഴുപത്തി മൂവായിരത്തി അഞ്ഞൂറ് (81,57,73,500) രൂപ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പേരിലുള്ള സിംഗിൾ നോഡൽ അക്കൗണ്ടിലേക്ക് 2023 സെപ്തംബർ 13ന് അനുവദിച്ചുകൊണ്ട് ഉത്തരവിറക്കിയിട്ടുണ്ട്. ഈ തുക ഇന്നലെ തന്നെ അക്കൗണ്ടിലേക്ക് റിലീസ് ചെയ്തതായും മന്ത്രി പറഞ്ഞു. ഇതു പ്രകാരം ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് സ്‌കൂളുകൾക്ക് നൽകാനുള്ള കുടിശ്ശികയിൽ ജൂൺ – ജൂലൈ മാസത്തെ മുഴുവൻ തുകയും ഓഗസ്റ്റ് മാസത്തെ ഒരു വിഹിതവും ഉടൻ നൽകാനാകും.
കേന്ദ്ര വിഹിതം ലഭിക്കുന്ന മുറയ്ക്ക് ബാക്കി തുക താമസിയാതെ വിതരണം ചെയ്യാനാകുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി അറിയിച്ചു. കേന്ദ്ര സർക്കാർ 2022-23 സാമ്പത്തിക വർഷം അവസാനിക്കാൻ ഒരു ദിവസം മാത്രം ബാക്കി നിൽക്കെ 2023 മാർച്ച് 30 ന് അനുവദിച്ച സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിക്കുള്ള 2021-22 വർഷത്തെ കുടിശ്ശിക കേന്ദ്രവിഹിതമായ നൂറ്റി മുപ്പത്തിരണ്ട് കോടി തൊണ്ണൂറ് ലക്ഷം (132.90) രൂപയും അതിന്റെ ആനുപാതിക സംസ്ഥാന വിഹിതമായ എഴുപത്തിയാറ് കോടി എഴുപത്തിയെട്ട് ലക്ഷം (76.78) രൂപയും ചേർത്ത് ഇരുന്നൂറ്റിയൊമ്പത് കോടി അറുപത്തിയെട്ട് ലക്ഷം (209.68) രൂപ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സിംഗിൾ നോഡൽ അക്കൗണ്ടിലേക്ക് (എസ്.എൻ.എ.) സർക്കാർ നേരിട്ട് 2023 സെപ്തംബർ 13 ന് ഡെപ്പോസിറ്റ് ചെയ്തിട്ടുണ്ട്.
സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പിനായി നടപ്പു വർഷം സംസ്ഥാനത്തിന് ലഭിക്കേണ്ട കേന്ദ്ര വിഹിതം ഇരുന്നൂറ്റി എൺപത്തി നാല് കോടി മുപ്പത്തിയൊന്ന് ലക്ഷം (284.31) രൂപയാണ്. ആനുപാതിക സംസ്ഥാന വിഹിതമായ നൂറ്റി അറുപത്തി മൂന്ന് കോടി പതിനഞ്ച് ലക്ഷത്തി നാൽപത്തിയേഴായിരം രൂപ (163,15,47,000) അടക്കം കേന്ദ്ര സർക്കാർ നിശ്ചയിച്ചിട്ടുള്ള പദ്ധതി അടങ്കൽ തുക നാന്നൂറ്റി നാൽപ്പത്തി ഏഴ് കോടി നാൽപ്പത്തിയാറ് ലക്ഷം (447.46) രൂപയാണ്. ഇതുപ്രകാരം നടപ്പു വർഷത്തെ ആദ്യ ഗഡു കേന്ദ്ര വിഹിതമായി സംസ്ഥാനത്തിന് ലഭിക്കേണ്ടത് നൂറ്റി എഴുപത് കോടി അമ്പത്തിയൊമ്പത് ലക്ഷം (170.59) രൂപയാണ്. ഈ തുക ഇതുവരെ കേന്ദ്ര സർക്കാർ അനുവദിച്ചിട്ടില്ല. എന്നാൽ ഉച്ചഭക്ഷണ പദ്ധതിക്ക് മുടക്കം വരാതിരിക്കാനായി 2023-24 വർഷത്തെ സംസ്ഥാന സർക്കാരിന്റെ വിഹിതമായ നൂറ്റി
അറുപത്തി മൂന്ന് കോടി പതിനഞ്ച് ലക്ഷത്തി നാൽപത്തിയേഴായിരം (163,15,47,000) രൂപയുടെ അമ്പത് ശതമാനം തുകയായ എൺപത്തിയൊന്ന് കോടി അമ്പത്തിയേഴ് ലക്ഷത്തി എഴുപത്തി
മൂവായിരത്തി അഞ്ഞൂറ് (81,57,73,500) രൂപ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പേരിലുള്ള സിംഗിൾ നോഡൽ അക്കൗണ്ടിലേക്ക് 2023 സെപ്തംബർ 13 ന് അനുവദിച്ചുകൊണ്ട് ഉത്തരവിറക്കുകയും പ്രസ്തുത തുക ഇന്നലെ തന്നെ അക്കൗണ്ടിലേക്ക് റിലീസ് ചെയ്യുകയും ചെയ്തിട്ടുണ്ടെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.