കണ്ണൂർ: മുൻ ആരോഗ്യമന്ത്രി കെ.കെ.ശൈലജയുടെ ആത്മകഥ വിവാദത്തിൽ കണ്ണൂർ സർവകലാശാലയുടെ വിശദീകരണമിറങ്ങി വിശദീകരണം ഇങ്ങനെ; ബോർഡ് ഓഫ് സ്റ്റഡീസ് സംബന്ധിച്ച അന്തിമ തീരുമാനം ചാൻസലർ കൂടിയായ ഗവർണറുടെ ഭാഗത്തുനിന്നും ഉണ്ടാകാത്തതുകൊണ്ട് സർവകലാശാലയുടെ ബിരുദാനന്തര ബിരുദ പദ്ധതികളുടെ സിലബസ് പരിഷ്കരണം വിഷയ വിദഗ്ധരടങ്ങിയ അഡ്‌ഹോക്ക് കമ്മറ്റിയാണ് പൂർത്തിയാക്കിയത്. ഇതുസംബന്ധന്ധിച്ച അന്തിമതീരുമാനം അക്കാദമിക്ക് വിദഗ്ധരടങ്ങിയ പ്രസ്തുത സമിതിയുടേത് മാത്രമാണ്. എംഎ ഇംഗ്ലീഷ് ഒന്നാം സെമസ്റ്ററിലെ വിദ്യാർത്ഥികൾക്ക് സ്വന്തം ഇഷ്ടപ്രകാരം തിരഞ്ഞെടുക്കാവുന്ന നിരവധി ഇലക്ടീവ് പേപ്പറുകളിൽ ഒന്നുമാത്രമാണ് ‘ലൈഫ് റൈറ്റിങ്’.
പ്രസ്തുത വിഷയം തിരഞ്ഞെടുക്കുന്ന വിദ്യാർത്ഥികളുണ്ടെങ്കിൽ അവരുടെ വായനക്കായി സമിതി നിർദ്ദേശിച്ച അനേകം പുസ്തകങ്ങളിൽ ഒന്നുമാത്രമാണ് മുൻ ആരോഗ്യമന്ത്രിയും പ്രവർത്തന മേഖലയിൽ രാജ്യാന്തര തലത്തിൽ പ്രശസ്തിനേടിയ വ്യക്തിയുമായ കെ കെ ശൈലജയുടെ ആത്മകഥയായ ‘മൈ ലൈഫ് ആസ് എ കോമ്രേയ്ഡ്’ എന്ന പുസ്തകം. മഹാത്മാ ഗാന്ധി, ഡോ. ബി ആർ അംബേദ്‌കർ, മയിലമ്മ, കല്ലേൻ പൊക്കുടൻ, നളിനി ജമീല, കമല ദാസ്, സി കെ ജാനു, സിസ്റ്റർ ജെസ്മി, താഹ മാടായി, ലിൻഡ ആൻഡേഴ്‌സൺ, ജെ ദേവിക തുടങ്ങിയവരുടെ ജീവിത രേഖകൾ അടങ്ങിയ പുസ്തകങ്ങളും ഇതോടൊപ്പം സമിതി നിർദേശിച്ചിട്ടുണ്ട്.
പുസ്തകങ്ങൾ നിർദേശിക്കുന്നതോടൊപ്പം തന്നെ വടക്കേ മലബാറിന്റെ സാമൂഹിക സാംസ്കാരിക പരിസ്ഥിതി രംഗങ്ങളിൽ ഉയർന്നുവന്നിട്ടുള്ള പ്രമുഖരുടെ സംഭാവനകൾ വിദ്യാർത്ഥികളിൽ എത്തിക്കുന്നതിനാണ് വിദഗ്ധ സമിതി ഊന്നൽ നൽകിയിട്ടുള്ളത്. പ്രാദേശികമായ ജനജീവിതങ്ങൾ സാമൂഹിക പരിവർത്തനങ്ങളുമായി എങ്ങിനെ കെട്ടുപിണഞ്ഞു കിടക്കുന്നു എന്നത് ആ പ്രദേശവുമായി ബന്ധപ്പെട്ടു രചിക്കപ്പെടുന്ന പുസ്തകങ്ങളിൽ മാത്രമാണ് പ്രതിഫലിക്കുക. അതുകൊണ്ട് തന്നെയാണ് അത്തരം രചനകൾക്ക് മുൻതൂക്കം നൽകിക്കൊണ്ടുള്ള സിലബസ് ഉണ്ടാക്കിയിട്ടുള്ളത്.