തിരുവനന്തപുരം: സ്കൂൾ വിദ്യാഭ്യാസത്തിൽ കാതലായ മാറ്റങ്ങൾ ശുപാർശ ചെയ്ത് ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് (എൻസിഎഫ്). പുതിയ പാഠ്യപദ്ധതി ചട്ടക്കൂടിന്റെ അടിസ്ഥാനത്തിലുള്ള പരിഷ്കരിച്ച് സിലബസ് അടുത്ത അധ്യയന വർഷം പ്രാബല്യത്തിൽ വരും. വിദ്യാർത്ഥികൾ മികച്ച പ്രകടനം നടത്താനായി 10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷകൾ വർഷത്തിൽ 2 തവണ നടത്തണമെന്നതടക്കമുള്ള ശുപാർശകളാണ് ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി തയ്യാറാക്കിയ പാഠ്യപദ്ധതി ചട്ടക്കൂട്
മുന്നോട്ട് വയ്ക്കുന്നത്. ഇതനുസരിച്ച് പ്ലസ് വൺ പ്ലസ് ടു ക്ലാസുകളിൽ ഭാവിയിൽ സെമസ്റ്റർ അടിസ്ഥാനത്തിലാകും പരീക്ഷ.
ആദ്യ പരീക്ഷയിൽ മാർക്കു കുറഞ്ഞാൽ വിദ്യാർത്ഥിക്ക് രണ്ടാമത്തെ പരീക്ഷയെഴുതി നില മെച്ചപ്പെടുത്താൻ അവസരം ഉണ്ടാകും. വിദ്യാർത്ഥികളുടെ പരീക്ഷാഭാരം കുറയ്ക്കണം എന്നും പാഠ്യപദ്ധതി ചട്ടക്കൂടിൽ നിർദ്ദേശിക്കുന്നു.
9മുതൽ 12വരെ ക്ലാസ്സുകളിൽ ആർട്സ്, സയൻസ് വേർതിരിവില്ലാതെ വിഷയങ്ങൾ തിരഞ്ഞെടുക്കാനുള്ള അവസരം നൽകണം. ഹയർ സെക്കന്ററി പഠനത്തിൽ ഒരു ഇന്ത്യൻ പ്രാദേശിക ഭാഷ നിർബന്ധമായും പഠിക്കണം. വിവിധ പാഠന വിഷയങ്ങളെ 4 ഗ്രൂപ്പുകളാക്കിത്തിരിച്ച് അതിൽ നിന്നുള്ള 6വിഷയങ്ങൾ ഹയർ സെക്കന്ററി തലത്തിൽ പഠിപ്പിക്കണം.
ഓരോ ഘട്ടത്തിലുമുള്ള വിദ്യാർത്ഥികളുടെ പഠനനിലവാരം അറിയാൻ ഹോളിസ്റ്റിക് പ്രോഗ്രസ് കാർഡ് തയ്യാറാക്കും. ഏതെങ്കിലും തരത്തിലുള്ള പഠനവൈകല്യമുള്ള വിദ്യാർത്ഥികൾക്ക് ഓരോ അധ്യയനവർഷത്തിലും തുടക്കത്തിൽ ഒരു മാസത്തെ ബ്രിഡ്ജ് കോഴ്സ് നടത്തണം. 3, 5 ക്ലാസുകളിൽ കുട്ടികളുടെ അടിസ്ഥാന ഭാഷ, കണക്ക് എന്നിവയുടെ പ്രകടനം പരിശോധിക്കണം. അഞ്ചു മുതൽ 8 വരെ ക്ലാസുകളിൽ കുട്ടികൾ പുരോഗതി കൈവരിച്ചില്ലെങ്കിൽ ഒരു വർഷം കൂടി അതേ ക്ലാസുകളിൽ പഠനം നടത്താൻ മാതാപിതാക്കൾക്ക് തീരുമാനമെടുക്കാം. ഇത്തരത്തിൽ സ്കൂൾ വിദ്യാഭ്യാസത്തിൽ സമഗ്ര മാറ്റമാണ് ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് ശുപാർശ ചെയ്യുന്നത്.