തിരുവനന്തപുരം:സംസ്ഥാനത്തെ സർക്കാർ കോളജുകളിലെയും സ്വാശ്രയ കോളജുകളിലെയും 2023 വര്‍ഷത്തെ എംബിബിഎസ്/ബിഡിഎസ് കോഴ്സുകളിലേക്കുള്ള സംസ്ഥാന ക്വാട്ട സീറ്റുകളിലേക്കുള്ള രണ്ടാം ഘട്ട അലോട്ട്‌മെന്റ് നടപടികൾ തുടങ്ങി. എംബിബിഎസ് / ബിഡിഎസ് കോഴ്സുകളില്‍ നിലവിലുള്ള ഹയർ ഓപ്ഷനുകൾ രണ്ടാം ഘട്ട അലോട്ട്‌മെന്റിലേക്ക് പരിഗണിക്കപ്പെടാൻ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികൾ “Confirm” ബട്ടണ്‍ ക്ലിക്ക് ചെയ്ത് ഓണ്‍ലൈൻ കണ്‍ഫര്‍മേഷൻ നിര്‍ബന്ധമായും നടത്തണം. ഓണ്‍ലൈൻ കണ്‍ഫര്‍മേഷനെ തുടര്‍ന്ന് ഹയർ ഓപ്ഷർ പുന:ക്രമീകരണം/ ആവശ്യമില്ലാത്തവ റദ്ദാക്കല്‍ എന്നിവയ്ക്കുള്ള സൗകര്യം ആഗസ്റ്റ് 22 രാവിലെ 10 വരെ http://cee.kerala.gov.in ൽ ലഭ്യമാണ്.
ലഭിക്കുന്ന ഓപ്ഷനുകളുടെ അടിസ്ഥാനത്തിൽ എം.ബി.ബി.എസ്/ ബി.ഡി.എസ് കോഴ്‌സുകളിലേക്കുള്ള രണ്ടാം ഘട്ട താത്കാലിക അലോട്ട്‌മെന്റ് ആഗസ്റ്റ് 25 വൈകുന്നേരം പ്രസിദ്ധീകരിക്കും. അലോട്ട്‌മെന്റ് ലഭിക്കുന്ന വിദ്യാർഥികൾ അലോട്ട്‌മെന്റ് മെമ്മോയിൽ രേഖപ്പെടുത്തിയ ഫീസ്/ ബാക്കി തുക (ബാധകമെങ്കിൽ) ഓൺലൈൻ പേയ്‌മെന്റ് മുഖാന്തിരമോ കേരളത്തിലെ ഏതെങ്കിലും ഹെഡ് പോസ്റ്റ് ഓഫീസ് മുഖാന്തിരമോ അടച്ച ശേഷം അലോട്ട്‌മെന്റ് ലഭിച്ച കോഴ്‌സ്/ കോളജിൽ ഹാജരായി പ്രവേശനം നേടണം. ഹെൽപ് ലൈൻ നമ്പർ: 0471-2525300.