തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിന് കൂടുതൽ താൽക്കാലിക ബാച്ചുകളും അധിക സീറ്റുകളും അനുവദിക്കുന്നതിനുള്ള അന്തിമ തീരുമാനം നാളെ. നാളെ നടക്കുന്ന മന്ത്രിസഭാ യോഗത്തിൽ ഇതുമായി ബന്ധപ്പെട്ട തീരുമാനം കൈക്കൊള്ളും. നിലവിലെ സാഹചര്യത്തിൽ വിവിധ ജില്ലകൾക്കായി നൂറോളം താൽക്കാലിക ബാച്ചുകൾ അനുവദിക്കണമെന്ന ആവശ്യം പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്. ഇതിനുള്ള ശുപാർശ പൊതുവിദ്യാഭ്യാസ വകുപ്പ് സർക്കാരിൽ സമർപ്പിച്ചിട്ടുണ്ട്. ഇതിന്റെ തീരുമാനമാണ് നാളത്തെ മന്ത്രിസഭായോഗം കൈക്കൊള്ളുക.
തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോഡ് ജില്ലകളിലാണ് താൽക്കാലിക ബാച്ചുകളും അധിക സീറ്റുകളും അനുവദിക്കുക. ഈ ജില്ലകളിൽ നിലവിലുള്ള അപേക്ഷകരെക്കാൾ കുറവാണ് സീറ്റുകളുടെ എണ്ണം. മലപ്പുറം ജില്ലയിലാണ് സീറ്റുകളുടെ ഗണ്യമായ കുറവ്. കഴിഞ്ഞവർഷം അനുവദിച്ച 81 താൽക്കാലിക ബാച്ചുകൾക്ക് പുറമെയാണ് പുതിയ താൽക്കാലിക ബാച്ചുകൾ അനുവദിക്കുക.