തിരുവനന്തപുരം:ഇത്തവണ പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷ മുൻ വർഷത്തേതുപോലെ സെപ്റ്റംബർ – ഒക്ടോബർ മാസങ്ങളിൽ നടക്കും.
എന്നാൽ അടുത്ത അധ്യയന വർഷം മുതൽ ഒന്നാംവർഷ ഹയർ സെക്കൻഡറി ഇംപ്രൂവ്മെന്റ് പരീക്ഷകൾ മാർച്ച് മാസത്തിലെ പൊതു പരീക്ഷകൾക്കൊപ്പമാണ് നടക്കുകയെന്ന് മന്ത്രി വി. ശിവൻകുട്ടിയുടെ ഓഫീസ് അറിയിച്ചു. ഈ വർഷം പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷ മുൻ വർഷത്തേതുപോലെ നടത്താൻ പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു.
നേരത്തെ ഹയർസെക്കൻഡറി ഒന്നാം വർഷ ഇംപ്രൂവ്മെന്റ് പരീക്ഷകൾ മാർച്ച് മാസത്തിലെ പൊതുപരീക്ഷകൾക്ക് ഒപ്പം നടത്താനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ ഇപ്പോൾ രണ്ടാം വർഷക്കാരായ വിദ്യാർഥികൾ ഒന്നാംവർഷ പരീക്ഷ എഴുതുമ്പോൾ ഈ തീരുമാനം അറിയില്ലായിരുന്നു എന്നുള്ള വിദ്യാർഥികളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ വർഷം കൂടി പ്രസ്തുത പരീക്ഷകൾ മുൻവർഷത്തേതു പോലെ നടത്താൻ തീരുമാനിച്ചത്.