തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിനായി മൂന്നാമതൊരു സപ്ലിമെന്ററി അലോട്മെന്റ് കൂടി വരുന്നു. ഇന്ന് അർധരാത്രി അല്ലെങ്കിൽ നാളെ പുലർച്ചെ വരുന്ന രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിന് ശേഷം ജൂലൈ 27ന് ഇതുമായി ബന്ധപ്പെട്ട വിജ്ഞാപനം വരും. രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് ലിസ്റ്റ് പ്രകാരമുള്ള പ്രവേശനം 24, 25 തീയതികളിലാണ് നടക്കുക. പ്ലസ് വൺ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിനായി 24,701 പേരാണ് അപേക്ഷ നൽകിയിട്ടുള്ളത്. ഇതിൽനിന്ന് 1192 അപേക്ഷകൾ തള്ളിയിട്ടുണ്ട്.
കൂടുതൽ അപേക്ഷകർ മലപ്പുറം ജില്ലയിൽ നിന്നാണ്. 9882 പേരാണ് മലപ്പുറത്തെ അപേക്ഷകരുടെ എണ്ണം. ഇതിൽ 9742 പേർ ഇതുവരെ അപേക്ഷിച്ചിട്ടും അലോട്മെന്റ് ലഭിക്കാത്തവരാണ്. അലോട്ട്മെന്റിനായി അപേക്ഷിച്ച 24,701 അപേക്ഷകരിൽ 23,856 പേർ മുൻപ് അപേക്ഷ നൽകിയിട്ടും സീറ്റ് ലഭിക്കാത്തവരാണ്. രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് ശേഷവും സീറ്റ് കിട്ടാതെ ആയിരക്കണക്കിന് വിദ്യാർത്ഥികൾ പുറത്തു നിൽക്കുന്ന സാഹചര്യത്തിലാണ് മൂന്നാം അലോട്ട്മെന്റ് വരുന്നത്.