തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിൽ നിന്ന് 1192 അപേക്ഷകൾ തള്ളി. ആകെ ഉണ്ടായിരുന്ന 19247 വേക്കൻസിയിൽ പരിഗണിക്കുന്നതിനായി ലഭിച്ച 25410 അപേക്ഷകളിൽ 24218 അപേക്ഷകളാണ് അലോട്ട്മെന്റിനായി പരിഗണിച്ചത്. സപ്ലിമെന്ററി അലോട്ട്മെന്റിനായി അപേക്ഷിച്ചതിനുശേഷം മറ്റ് ക്വാട്ടകളിൽ പ്രവേശനം നേടിയ 489 അപേക്ഷകളും ഓപ്ഷനില്ലാത്തതും മറ്റ് കാരണങ്ങളാൽ അർഹതയില്ലാത്തതുമായ 703 അപേക്ഷകളും സപ്ലിമെന്ററി അലോട്ട്മെന്റിന് പരിഗണിച്ചിട്ടില്ല. ഇത്തരത്തിൽ 1192 അപേക്ഷകൾ തള്ളി.
സംവരണതത്വം അനുസരിച്ച് നിലവിൽ ഉണ്ടായിരുന്ന വേക്കൻസി ജില്ല ഒരു യൂണിറ്റായി പരിഗണിച്ച് വിവിധ കാറ്റഗറി സീറ്റുകളാക്കിയാണ് അലോട്ട്മെന്റിന് പരിഗണിച്ചിട്ടുള്ളത്.
രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് പ്രകാരമുള്ള വിദ്യാർഥി പ്രവേശനം ജൂലൈ 24 ന്
രാവിലെ 10 മുതൽ ജൂലൈ 25 ന് വൈകീട്ട് 4 വരെയുള്ള സമയ പരിധിയ്ക്കുള്ളിൽ നടത്തും. അലോട്ട്‌മെന്റ് വിവരങ്ങൾ http://admission.dge.kerala.gov.in, http://hscap.kerala.gov.in എന്നിവയിൽ ലഭ്യമാകും.