SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ പി.എസ്.സിക്ക് വിടാത്ത ഒഴിവുകൾ നികത്തുന്നത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകൾ വഴിയാകണം എന്ന നിയമം പരസ്യമായി ലംഘിക്കപ്പെടുന്നു. സ്കൂളുകളിൽ അധ്യാപകരെ നിയമിക്കുന്നതിനുള്ള അഭിമുഖത്തിനും മറ്റും അപേക്ഷ ക്ഷണിച്ച് നൂറുകണക്കിന് സ്കൂളുകളാണ് അറിയിപ്പ് പുറത്തിറക്കുന്നത്. ഈ താൽക്കാലിക നിയമനങ്ങളിലെ അപാകത പരിഹരിക്കാനാണ് പി.എസ്.സിക്ക് വിടാത്ത ഒഴിവുകൾ നികത്തുന്നത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകൾ വഴിയാകണം എന്ന കർശന നിർദേശം വന്നത്.
എന്നാൽ ഏറ്റവും അധികം താൽക്കാലിക നിയമനങ്ങൾ നടക്കുന്ന പൊതു വിദ്യാലയങ്ങളിൽ ഇത് നടപ്പാക്കുന്നില്ല. പി.എസ്.സിക്ക് വിടാത്ത ഒഴിവുകളുടെ വിവരങ്ങൾ അത് സ്കൂളുകൾ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ അറിയിക്കണം എന്നാണ് ചട്ടം. എന്നാൽ ഈ നിർദ്ദേശം അവഗണിച്ച് സ്കൂളുകൾ സ്വയം നിയമനം നടത്തുകയാണ്. ഒഴിവ് വിവരങ്ങൾ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ അറിയിച്ച് അവിടെനിന്ന് നൽകുന്ന ഉദ്യോഗാർത്ഥികളുടെ പട്ടിക പ്രകാരം അഭിമുഖം നടത്തി വേണം നിയമനം നടത്താൻ എന്നാണ് ചട്ടം.
എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്തവരെ മുൻഗണനാക്രമത്തിൽ സംവരണം പാലിച്ചാണ് പട്ടികയിൽ ഉൾപ്പെടുത്തി നൽകുന്നത്. എന്നാൽ പേര് രജിസ്റ്റർ ചെയ്ത് കാത്തിരിക്കുന്ന ഒട്ടേറെ ഉദ്യോഗാർത്ഥികളെ അവഗണിച്ചാണ് സ്കൂളുകളിൽ നേരിട്ട് താത്കാലിക നിയമനം നടത്തുന്നത്.