SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DJyDol6Ntu898w1sWLREHb
തിരുവനന്തപുരം: സമയപരിമിതി അവസാനിച്ചതോടെ സീറ്റ് നഷ്ടമാവുന്നത് ഒഴിവാക്കുവാനായി മെഡിക്കൽ പി.ജി സർവ്വീസ് ക്വോട്ട സീറ്റിലേയ്ക്ക് അലോട്ട്‌മെന്റും ഓൺലൈൻ പ്രവേശനവും അർദ്ധരാത്രിയിലും നടന്നു. കോടതിയുടെ ഇടപെടലിനെ തുടർന്നാണ് പാലക്കാട് മെഡിക്കൽ കോളേജിൽ നിന്നുള്ള ലക്ചറർമാരെക്കൂടി ഉൾപ്പെടുത്തി തയ്യാറാക്കിയ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ സർവ്വീസ് ക്വോട്ട സീറ്റിലേയ്ക്ക് വെള്ളിയാഴ്ച അർദ്ധരാത്രിയിൽ പ്രവേശന പരീക്ഷാ കമ്മീഷണർ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചത്.
പ്രവേശനത്തിനുള്ള അവസാന തീയതി വെള്ളിയാഴ്ചയായിരുന്നു. അതിനാൽത്തന്നെ അലോട്ട്‌മെന്റ് ലഭിച്ചവരോട് ഉടൻതന്നെ ഓൺലൈനായി കോളേജിൽ ചേരാൻ അധികൃതർ ഫോൺ വഴി നിർദ്ദേശിക്കുകയും ചെയ്തു. അലോട്ട്‌മെന്റിന്റെ പട്ടിക പുതുക്കിയപ്പോൾ നേരത്തെ പട്ടികയിൽ ഉൾപ്പെട്ടിരുന്ന രണ്ടുപേർ ഇതിനോടകം പുറത്താവുകയും ചെയ്തു.
പട്ടികജാതി വകുപ്പിന് കീഴിലെപാലക്കാട് ഗവ. മെഡിക്കൽകോളേജിൽ നിന്നുള്ളവരെക്കൂടി ഉൾപ്പടുത്തി 15 പേരുടെ അലോട്ട്‌മെന്റ് പട്ടികയാണ് പ്രസിദ്ധീകരിച്ചത്. ഇവരെ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ ക്വോട്ട സീറ്റിൽ ഉൾപ്പടുത്തിയാണ് പട്ടിക പ്രസിദ്ധീകരിച്ചത് .
പാലക്കാട് കോളേജിൽ നിന്നുള്ളവരെ സർവ്വീസ് ക്വോട്ട സീറ്റിൽ പരിഗണിക്കാൻ ആരോഗ്യവകുപ്പ് തയ്യാറാകാതിരുന്നതോടെയാണ് പ്രവേശന നടപടിയ്ക്ക് നിയമതടസ്സം നേരിട്ടത്. എന്നാൽ സർക്കാരിന്റെ അപ്പീൽ തള്ളിയതോടെ പാലക്കാട് മെഡിക്കൽ കോളേജിലെ ലക്ചറർമാർക്ക് സർവ്വീസ് ക്വോട്ടയിൽ അലോട്ട്‌മെന്റിന് വഴി തെളിയുകയായിരുന്നു. ആരോഗ്യഡയറക്ടറേറ്റിന് അനുവദിച്ചതിൽ ഒഴിവുള്ള സീറ്റ് ഇതുവരെയും നികത്താനായിട്ടില്ല. ഇത് നികത്താനായി ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് കത്തെഴുതിയിട്ടുണ്ട്. അനുമതി ലഭിച്ചാൽ ഇവ ജനറൽ ക്വോട്ടയിലേയ്ക്ക് മാറ്റി അലോട്ട്‌മെന്റ് നടത്താനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇല്ലെങ്കിൽ ഈ സീറ്റുകൾ ഈ വർഷം നഷ്ടമാവുകയും ചെയ്യും