SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8
തിരുവനന്തപുരം: കുട്ടികള്‍ക്കിടയില്‍ ലഹരി വിമുക്തി സ്വകാര്യത ഉറപ്പുവരുത്തികൊണ്ട് നടപ്പിലാക്കാന്‍ ഊന്നല്‍ കൊടുക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദ്ദേശം. ലഹരിവിമുക്ത കേരളം പ്രചാരണ കര്‍മ്മ പരിപാടി രണ്ടാഘട്ടം ശക്തമാക്കുന്നതിലൂടെയാണ് കുട്ടികള്‍ക്കായുള്ള തീരുമാനം. ആരോഗ്യ വകുപ്പ് ഡയറക്ടറും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറും ഇക്കാര്യം പരിശോധിച്ച് നടപടി സ്വീകരിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് നിര്‍ദേശം നല്‍കി. ലഹരിവിമുക്ത കേരളം പ്രചാരണ കര്‍മ്മപരിപാടിയുടെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്ത യോഗത്തിലാണ് മന്ത്രി നിര്‍ദേശം നല്‍കിയത്.

മുതിര്‍ന്നവര്‍ക്കായി ലഹരി വിമുക്തി ക്ലിനിക് ഉണ്ട്. എന്നാല്‍ കുട്ടികളുടെ ഭാവി കൂടി മുന്നില്‍ കണ്ടുള്ള സ്വകാര്യത ഉറപ്പ് വരുത്തിയുള്ള ചികിത്സ നല്‍കണം. കൂടുതല്‍ വിദ്യാര്‍ത്ഥികളിലേക്ക് ലഹരി വിമുക്ത പ്രവര്‍ത്തനങ്ങള്‍ എത്തിക്കുന്നതിന് ശ്രമിക്കണം. ഒന്നാംഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വകുപ്പിലും അനുബന്ധ സ്ഥാപനങ്ങളിലും നടത്തിയ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തല്‍ സ്ഥാപന തലത്തിലും വകുപ്പ് മേധാവികളുടെ തലത്തിലും നടത്തണം. ലഹരി പദാര്‍ത്ഥങ്ങളുടെ വില്‍പ്പന, കൈമാറ്റം, ഉപയോഗം എന്നിവ ശ്രദ്ധയില്‍പ്പെട്ടാല്‍ വിവരം കൈമാറാനുള്ള ഫോണ്‍ നമ്പര്‍, മേല്‍വിലാസം എന്നിവ പ്രദര്‍ശിപ്പിച്ചെന്നും ഉറപ്പാക്കണം. സ്‌കൂളുകളിലടുത്തുള്ള കടകളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന നടത്തണം.

ഫുട്‌ബോളിലൂടെ മയക്കു മരുന്നിനെതിരെയുള്ള സന്ദേശം കൂടുതല്‍ പേരിലേക്ക് എത്തിക്കണം. ഡിസംബര്‍ 10 മനുഷ്യാവകാശ ദിനത്തില്‍ വിദ്യാര്‍ത്ഥികളുടെ വിവിധ പരിപാടികള്‍ സംഘടിപ്പിക്കണം. ആശയ വിനിമയത്തിനുള്ള ഇടം ഒരുക്കണം. വിദ്യാര്‍ത്ഥികള്‍ക്ക് പറയാനുള്ളത് കേള്‍ക്കണം. വിദ്യാലയങ്ങള്‍, എന്‍ട്രന്‍സ് കോച്ചിംഗ് സെന്ററുകള്‍ എന്നിവ കേന്ദ്രീകരിച്ച് വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ സംയുക്തമായി വിദ്യാലയ സന്ദര്‍ശനവും ചര്‍ച്ചകളും നടത്തണം. പി.ടി.എകളെ കൂടി ഇതില്‍ ഉള്‍പ്പെടുത്തണം.കോളേജുകളില്‍ കരിയര്‍ ഡെവലപ്‌മെന്റ് പരിപാടികള്‍, ജീവനക്കാരെ ഉള്‍പ്പെടുത്തി ജാഗ്രത സദസുകള്‍, സ്‌ട്രെസ് മാനേജ്മെന്റ് ക്ലാസുകള്‍ എന്നിവ സംഘടിപ്പിക്കണം.

ജീവനക്കാരുടെ മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതിനായി സ്‌ട്രെസ് മാനേജ്മെന്റ് ക്ലാസുകള്‍ നടത്തണം. ഇതിനായി ആയുഷ് വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനും മന്ത്രി നിര്‍ദേശം നല്‍കി.ട്രൈബല്‍, അതിഥി തൊഴിലാളി, തീരദേശ മേഖലകളില്‍ മെഡിക്കല്‍ ക്യാമ്പുകള്‍, അവബോധ പരിപാടികള്‍ എന്നിവ നടത്തണം. സ്റ്റുഡന്റ്‌സ് ഹോസ്റ്റലുകള്‍, ലോഡ്ജുകള്‍, ഹോട്ടലുകള്‍, ഡോര്‍മെട്രികള്‍, റിസോര്‍ട്ടുകള്‍ എന്നിവ കേന്ദ്രീകരിച്ചുള്ള ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കണം. മെഡിക്കല്‍ സ്റ്റോറുകള്‍, ആയുര്‍വേദ ഔഷധ ശാലകള്‍, മരുന്ന് നിര്‍മ്മാണ യൂണിറ്റുകള്‍, റസ്റ്റോറന്റുകള്‍, ബേക്കറികള്‍ എന്നിവ കേന്ദ്രീകരിച്ച് ബോധവല്‍ക്കരണം നടത്തണം. മിത്ര 181 കൂടുതല്‍ ശക്തിപ്പെടുത്താനും ആരോഗ്യമന്ത്രി നിര്‍ദേശം നല്‍കി.

0 Comments