SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DU5wztjhq7IK9HulRoICZe
കോട്ടയം: മഹാത്മാ ഗാന്ധി സര്‍വകലാശാലയില്‍ പുതിയതായി അനുവദിക്കപ്പെട്ട 66 എയ്ഡഡ് എന്‍.എസ്.എസ് യൂണിറ്റുകള്‍ക്കായി 50 ലക്ഷം രൂപ അധിക ഗ്രാന്‍റ് ലഭ്യമാക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു. സര്‍വകലാശാലയിലെ എന്‍.എസ്.എസ് സംഗമത്തിന്‍റെയും സംഘടനയുടെ സ്‌നേഹവീട് ഭവന നിര്‍മാണ പദ്ധതിയുടെയും ഉദ്ഘാടനവും പുതിയ യൂണിറ്റുകളുടെ പ്രഖ്യാപനവും നിര്‍വഹിക്കുകയായിരുന്നു മന്ത്രി. നിലവിലുണ്ടായിരുന്ന 33 സെല്‍ഫ് ഫിനാന്‍സിംഗ് എന്‍.എസ്.എസ് യൂണിറ്റുകളെ എയ്ഡഡ് യൂണിറ്റുകളാക്കിയതിനു പുറമെ ബി.എഡ് കോളജുകകളില്‍ ഉള്‍പ്പെടെ 33 യൂണിറ്റുകള്‍ കൂടി തുടങ്ങുകയായിരുന്നു. പുതിയ 66 യൂണിറ്റുകള്‍ പ്രവര്‍ത്തനമാരംഭിക്കുന്നതോടെ എം.ജി സര്‍വകലാശാലയിലെ എയ്ഡഡ് എന്‍.എസ്.എസ് യൂണിറ്റുകളുടെ എണ്ണം 271 ആകും. നൂറു കുടുംബങ്ങളുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ സൃഷ്ടിക്കുന്ന മഹനീയ പദ്ധതിയായ സ്‌നേഹവീടിനോട് സഹകരിക്കുന്ന എല്ലാവരെയും അഭിനന്ദിക്കുന്നു.
സമൂഹത്തെ അപകടമുഖത്തേക്ക് നയിച്ചുകൊണ്ടിരിക്കുന്ന ലഹരിക്കെതിരെ സജീവ ഇടപെടല്‍ നടത്താനും എന്‍.എസ്.എസിന് കഴിയണമെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ മന്ത്രി വി.എന്‍. വാസവന്‍ അധ്യക്ഷനായി. സാമൂഹ്യ സുരക്ഷാ മിഷന്‍റെ വി-കെയര്‍ പദ്ധതിക്കായി സര്‍വകലാശാലയിലെ നാഷണല്‍ സര്‍വീസ് സ്‌കീം ഒരു ദിവസം കൊണ്ടു സമാഹരിച്ച 1036727 രൂപയുടെ ചെക്ക് മന്ത്രി വി.എന്‍. വാസവന്‍ മന്ത്രി ഡോ. ആര്‍. ബിന്ദുവിന് കൈമാറി.
2021-2022 വര്‍ഷത്തെ മികച്ച എന്‍.എസ്.എസ് യൂണിറ്റുകള്‍ക്കുള്ള പുരസ്‌കാരവും ചടങ്ങില്‍ വിതരണം ചെയ്തു. ചങ്ങനാശേരി സെന്റ് ബര്‍ക്ക് മാന്‍സ് കോളേജിനാണ് ഏറ്റവും മികച്ച യൂണിറ്റിനുള്ള പുരസ്‌കാരം ലഭിച്ചത്.
ഏറ്റവും മികച്ച പ്രിന്‍സിപ്പലിനും പ്രോഗ്രാം ഓഫീസര്‍ക്കുമുള്ള പുരസ്‌കാരങ്ങള്‍ യഥാക്രമം ഇതേ കോളജിലെ ഫാ. റെജി പി. കുര്യനും റൂബിന്‍ ഫിലിപ്പിനും സമ്മാനിച്ചു. മികച്ച എട്ടു യൂണിറ്റുകള്‍ക്കു പുരസ്‌കാരവും സവിശേഷ പ്രവര്‍ത്തനങ്ങള്‍ നടത്തിയ 13 യൂണിറ്റുകള്‍ക്ക് പ്രശംസാ പത്രവും നല്‍കി.
സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ പ്രഫ. സാബു തോമസ്, പ്രോ വൈസ് ചാന്‍സലര്‍ ഡോ. സി.ടി. അരവിന്ദ കുമാര്‍, സിന്‍ഡിക്കേറ്റ് അംഗങ്ങളായ അഡ്വ. ജോബ് മൈക്കിള്‍ എം.എല്‍.എ, അഡ്വ. റെജി സക്കറിയ, ഡോ. ഷാജില ബീവി, ഡോ. എ. ജോസ്, നാഷണല്‍ സര്‍വീസ് സ്‌കീം സ്റ്റേറ്റ് ഓഫീസര്‍ ഡോ. എന്‍.ആര്‍. അന്‍സര്‍, എന്‍.എസ്.എസ് പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ ഡോ. ഇ.എന്‍. ശിവദാസന്‍, ജില്ലാ കോ ഓര്‍ഡിനേറ്റര്‍ കെ.ആര്‍. അജീഷ് എന്നിവര്‍ പങ്കെടുത്തു.
സെനറ്റ് അംഗങ്ങള്‍, സിന്‍ഡിക്കേറ്റ് അംഗങ്ങള്‍, വിവിധ വകുപ്പ് മേധാവികള്‍, വിവിധ കോളേജുകളിലെ പ്രിന്‍സിപ്പല്‍മാര്‍, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍മാര്‍, വോളണ്ടിയര്‍മാര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
വിദ്യാര്‍ഥികളും ദുര്‍ബല വിഭാഗങ്ങളില്‍നിന്നുള്ളവരും ഉള്‍പ്പെടുന്ന ഭവനരഹിതര്‍ക്ക് 2022- 23 വര്‍ഷം നൂറു വീടുകള്‍ നിര്‍മിച്ചു നല്‍കാനാണ് സ്‌നേഹവീട് പദ്ധതി ലക്ഷ്യമിടുന്നത്. ഇതില്‍ 66 വീടുകളുടെ നിര്‍മാണത്തിനാണ് മന്ത്രി തുടക്കം കുറിച്ചത്. കോളേജുകളിലെ അധ്യാപകര്‍, അനധ്യാപകര്‍, പൂര്‍വ്വ വിദ്യാര്‍ഥികള്‍, മുന്‍ എന്‍.എസ്.എസ് വോളണ്ടിയര്‍മാര്‍, പി.ടി.എ തുടങ്ങിയവരുടെ സഹകരണത്തോടെ ഒരു വര്‍ഷം കൊണ്ട് പദ്ധതി പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.