SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/HQhjpKVfYW18KNNmRpNRq0
തിരുവനന്തപുരം: കേരളത്തിലെ മുഴുവൻ തദ്ദേശസ്വയംഭരണ വാർഡുകളിലും കുട്ടികളുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ യോഗങ്ങൾ സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ലഹരിമുക്ത കേരളം പദ്ധതിയുടെ ഭാഗമായി സ്കൂളുകളിൽ നടത്തുന്ന ലഹരി വിരുദ്ധ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കുട്ടികളിലെ ലഹരി ഉപയോഗം തടയുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ഉൾപ്പെട്ട \’കരുതൽ\’ എന്ന പുസ്തകവും വിദ്യാലയങ്ങൾ ലഹരിമുക്തമാക്കുന്നതിന് \’കവചം\’ എന്ന പുസ്തകവും തയ്യാറാക്കിയിട്ടുണ്ട്. ഈ പുസ്തകങ്ങളെ അധികരിച്ചുള്ള ചർച്ച എല്ലാമാസവും വിദ്യാലയങ്ങളിൽ സംഘടിപ്പിക്കും. അങ്ങനെ എല്ലാ പ്രായത്തിലുള്ള ആളുകളെയും പങ്കെടുപ്പിച്ചുള്ള വിശദമായ ഒരു ക്യാമ്പയിനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
വർദ്ധിച്ചുവരുന്ന ലഹരി വിപത്തിനെ തടയേണ്ടതിൻറെ പ്രാധാന്യം എല്ലാ വഴിക്കും ജനങ്ങളിലെത്തിക്കാൻ കഴിയണം. ആരാധനാലയങ്ങളിലടക്കം ഇതിൻറെ പ്രാധാന്യത്തെ പരാമർശിക്കുന്ന സ്ഥിതിയുണ്ടായാൽ നന്നാവും. എല്ലാവിധത്തിലും ഈ ക്യാമ്പയിൻ വിജയിപ്പിക്കാൻ കുട്ടികളടക്കം സമൂഹമാകെ മുമ്പോട്ടുവരണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ഇത് സർക്കാരിൻറെ മാത്രമായ ഒരു പോരാട്ടമല്ല.
ഒരു നാടിൻറെ, ഒരു സമൂഹത്തിൻറെ കൂട്ടായ പോരാട്ടമാണ്. നിലനിൽക്കാനും അതിജീവിക്കാനും വേണ്ടിയുള്ള പോരാട്ടം. ഇളംതലമുറയെയും വരും തലമുറകളെയും രക്ഷിക്കാനുള്ള ജീവൻ മരണപോരാട്ടം. ഈ പോരാട്ടം വിജയിച്ചാൽ ജീവിതം വിജയിച്ചു. പരാജയപ്പെട്ടാൽ മരണമാണ് വിജയിക്കുന്നത്. അത്രമേൽ പ്രാധാന്യമുണ്ട് ഈ ക്യാമ്പയിനിന്. ഈ പ്രാധാന്യം ഉൾക്കൊള്ളണമെന്നും നാടിൻറെ രക്ഷയ്ക്കായി അണിനിരക്കണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളിലും കോളേജുകളിലും ഇന്ന് ലഹരി വിരുദ്ധ ക്യാമ്പയിനിനു തുടക്കമായി.