SUBSCRIBE OUR YOUTUBE CHANNEL
https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/HGUHgZJ60Yr4eQPQ7jETYP
ന്യൂഡൽഹി: വിദ്യാഭ്യാസ യോഗ്യതകൾ പരിഗണിക്കാതെ വിവിധ മേഖലകളിലെ അറിയപ്പെടുന്ന വ്യക്തികളെ സർവകലാശാലകളിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഹ്രസ്വകാലത്തേക്ക് അധ്യാപകരാക്കാൻ യു.ജി.സി തീരുമാനിച്ചു. \’പ്രഫസേഴ്സ് ഓഫ് പ്രാക്ടീസ്\’ എന്ന പേരിലുള്ള ഈ പദ്ധതിയുടെ വിജ്ഞാപനം അടുത്തമാസം പുറപ്പെടുവിക്കും. സാഹിത്യം, ശാസ്ത്രം, കല, സിവിൽ സർവിസ്, പ്രതിരോധം, എൻജിനീയറിങ്, മാധ്യമപ്രവർത്തനം, വ്യവസായ സംരംഭകത്വം, സാമൂഹികശാസ്ത്രം തുടങ്ങിയ മേഖലകളിലെ 15 വർഷം പരിചയമുള്ള പ്രശസ്ത വ്യക്തികൾക്കാണ് ഈ അവസരം ലഭിക്കുക. പതിവ് യോഗ്യതകളും മറ്റും ഇവർക്ക് നിർബന്ധമില്ല. എന്നാൽ, അധ്യാപകരാകാൻ പ്രായോഗികമായി കഴിവുള്ളവരും ചുമതലകൾ ഉത്തരവാദിത്തത്തോടെ നിർവഹിക്കുന്നവരുമായിരിക്കണമെന്ന് യു.ജി.സി കരട് മാർഗരേഖ വ്യക്തമാക്കുന്നു. പഠിപ്പിക്കുന്നതിനൊപ്പം കോഴ്സുകളും കരിക്കുലവും തയാറാക്കലും നിലവിലുള്ളത് വിപുലപ്പെടുത്തലുമാണ് ഇവരുടെ പ്രധാന ഉത്തരവാദിത്തം. കൂടാതെ നൂതന ആശയങ്ങൾക്കും സംരംഭങ്ങൾക്കും നിർദേശം നൽകുന്നതും മറ്റും ചുമതലയിൽപെടും.
അടുത്ത അക്കാദമിക വർഷം മുതൽ പ്രാക്ടീസ് പ്രഫസർമാരെ നിയോഗിച്ചേക്കും. സർവകലാശാലകളിലും കോളജുകളിലും നിലവിലുള്ള തസ്തികകളുടെ 10 ശതമാനം വരെ ഇവരെ നിയമിക്കാം. ഈ നിയമനങ്ങൾ മറ്റധ്യാപകരുടെ സ്ഥിരനിയമനത്തെ ബാധിക്കില്ല. തുടക്കത്തിൽ ഒരുവർഷമാണ് പഠിപ്പിക്കാൻ അവസരം നൽകുക. തുടർന്ന് സേവനം നീട്ടുന്നത് ഓരോ സ്ഥാപനങ്ങളുടേയും തീരുമാനാടിസ്ഥാനത്തിലായിരിക്കും. മൂന്നുവർഷം വരെ സേവനം നീട്ടാവുന്നതാണ്. അത്യപൂർവ സന്ദർഭങ്ങളിൽ നാലാം വർഷത്തിലും പഠിപ്പിക്കാം. എന്നാൽ നാലുവർഷത്തിൽ കൂടുതൽ ഇവർക്ക് അധ്യാപനത്തിന് അവസരം നൽകില്ല. വിവിധ മേഖലകളിലെ പ്രശസ്തരെ ഇതിലേക്ക് നാമനിർദേശം ചെയ്യാം. കൂടാതെ സ്വയം നാമനിർദേശം ചെയ്യാനും അവസരമുണ്ട്. നിലവിൽ ജോലിയുള്ളവരും വിരമിച്ചതുമായ അധ്യാപകരെ ഈ പദ്ധതിയിലേക്ക് പരിഗണിക്കില്ല. നാമനിർദ്ദേശങ്ങൾ സർവകലാശാലയും പുറത്തുനിന്നുള്ള വിദഗ്ധനും പരിശോധിച്ച് അക്കാദമിക് കൗൺസിലിനും സിൻഡിക്കേറ്റിനും ശിപാർശ ചെയ്യും. അന്തിമ തീരുമാനം സിൻഡിക്കേറ്റാകും കൈക്കൊള്ളുക.