തിരുവനന്തപുരം: സ്കൂൾ പാഠ്യ പദ്ധതിയിൽ ലൈംഗിക വിദ്യാഭ്യാസം ഉൾപ്പെടുത്തേണ്ടത് അനിവാര്യമാണെന്ന് മന്ത്രി വി. ശിവൻകുട്ടി. എന്നാൽ അത് നടപ്പാക്കാൻ കാലതാമസം ഉണ്ടാകുമെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ഡൽഹിയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുക യായിരുന്നു അദ്ദേഹം.
പുതിയ പാഠപുസ്തകത്തിൽ മാത്രമേ ഇത് ഉൾപ്പെടുത്താൻ സാധിക്കുകയുള്ളൂ. അതിനായി വിദഗ്ധരുടെ ഉപദേശം സ്വീകരിച്ച് മികച്ച പാഠ്യപദ്ധതി രൂപീകരിക്കുന്നതിന് കാലതാമസം എടുക്കും. കുട്ടികൾക്ക് ലൈംഗിക വിദ്യാഭ്യാസം നൽകുന്നതിന്റെ പ്രാധാന്യം മനസ്സിലാക്കിയാകും പുതിയ പാഠ്യപദ്ധതികൾ രൂപീകരിക്കുക.
ലിംഗ വിവേചനരഹിത യൂണിഫോമും സ്കൂളുകളും സർക്കാർ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും എന്നാൽ അത് അടിച്ചേൽപ്പിക്കാൻ ആകില്ലെന്നും മന്ത്രി പറഞ്ഞു. സ്കൂൾ പിടിഎയുടെ നിലപാട് അനുസരിച്ച് മാത്രമേ സ്കൂളുകളെ ലിംഗ വിവേചനരഹിത സ്കൂളുകളാക്കി മാറ്റാൻ സാധിക്കുകയുള്ളൂ എന്നാണ് മന്ത്രിയുടെ പ്രതികരണം.