JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s
ന്യൂഡൽഹി: ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആൻഡ് സയൻസിൽ (ബിറ്റ്‌സ്) ഇന്റഗ്രേറ്റഡ് ഫസ്റ്റ് ഡിഗ്രി പ്രോഗ്രാമുകളിലെ പ്രവേശനത്തിനായി ഇപ്പോൾ അപേക്ഷിക്കാം. പിലാനി, ഹൈദരാബാദ്, ഗോവ കാമ്പസുകളിലായാണ് പ്രവേശനം.
പ്രോഗ്രാമുകൾ: ബാച്ച്‌ലർ ഓഫ് എൻജിനിയറിങ് (ബി.ഇ.): കെമിക്കൽ, സിവിൽ, കംപ്യൂട്ടർ സയൻസ്, ഇലക്‌ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്സ്, ഇലക്‌ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ, ഇലക്‌ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, മെക്കാനിക്കൽ, മാനുഫാക്ചറിങ്, ബാച്ച്‌ലർ ഓഫ് ഫാർമസി (ബി.ഫാം.), മാസ്റ്റർ ഓഫ് സയൻസ് (എം.എസ്‌സി.): ബയോളജിക്കൽ സയൻസസ്, കെമിസ്ട്രി, ഇക്കണോമിക്സ്, മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, ജനറൽ സ്റ്റഡീസ്. കാമ്പസ് തിരിച്ചുള്ള പ്രോഗ്രാമുകളുടെ പട്ടിക https://bsitadmission.com ൽ നിന്ന് ഡൗൺലോഡ് ചെയ്യാം. ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മേയ് 21. ജനറൽ സ്റ്റഡീസ് ഒഴികെയുള്ള എം.എസ്‌സി. പ്രോഗ്രാമുകളിൽ ചേരുന്നവർക്ക്, ആദ്യ വർഷത്തിനുശേഷം വ്യവസ്ഥകൾക്കു വിധേയമായി എൻജിനിയറിങ് ഡ്യുവൽ ഡിഗ്രിക്കു ചേരാൻ അവസരമുണ്ട്.
യോഗ്യത: പ്ലസ് ടു/തത്തുല്യ പരീക്ഷ 2021-ൽ ജയിച്ചവർക്കും 2022-ൽ അഭിമുഖീകരിക്കുന്നവർക്കും അപേക്ഷിക്കാം. പ്ലസ്.ടു തലത്തിൽ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് പഠിച്ചവർക്ക് എല്ലാ പ്രോഗ്രാമുകൾക്കും ഫിസിക്സ്, കെമിസ്ട്രി, ബയോളജി പഠിച്ചവർക്ക് ബി.ഫാമിനും അപേക്ഷിക്കാം. യോഗ്യതാപരീക്ഷയിൽ ബാധകമായ മൂന്ന് സയൻസ് വിഷയങ്ങൾക്ക് (പ്രവേശനപരീക്ഷയിൽ എടുക്കുന്ന വിഷയങ്ങൾക്കനുസരിച്ച് – ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്/ബയോളജി) ഓരോന്നിനും 60-ഉം മൂന്നിനുംകൂടി 75-ഉം ശതമാനം മാർക്കുവേണം. ഇംഗ്ലീഷ് ഭാഷ അനായാസമായി കൈകാര്യംചെയ്യാൻ കഴിയണം.
പരീക്ഷ: ബിറ്റ്‌സ് നടത്തുന്ന കംപ്യൂട്ടർ അധിഷ്ഠിത ഓൺലൈൻ അഡ്മിഷൻ ടെസ്റ്റായ ‘ബിറ്റ്‌സാറ്റ്’ വഴിയാകും പ്രവേശനത്തിന് തിരഞ്ഞെടുക്കുക. മുൻവർഷങ്ങളിലെ പരീക്ഷാഘടനയിൽനിന്ന് ഈ വർഷം ചോദ്യഘടനയിൽ ചില മാറ്റങ്ങളുണ്ട്. മൂന്നുമണിക്കൂർ ദൈർഘ്യമുള്ള പരീക്ഷയ്ക്ക് ഫിസിക്‌സ് (30 ചോദ്യങ്ങൾ), കെമിസ്ട്രി (30), ഇംഗ്ലീഷ് പ്രൊഫിഷ്യൻസി (10), ലോജിക്കൽ റീസണിങ് (20), മാത്തമാറ്റിക്സ്/ബയോളജി (40) എന്നിവയിൽ നിന്നും മൊത്തം 130 ഒബ്ജക്ടീവ് ടൈപ്പ്, മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങൾ ഉണ്ടാകും. ശരിയുത്തരത്തിന് മൂന്നുമാർക്ക് കിട്ടും. ഉത്തരം തെറ്റിയാൽ ഒരു മാർക്കുവീതം നഷ്ടപ്പെടും. 130 ചോദ്യങ്ങൾക്കു ഉത്തരം നൽകിയശേഷവും സമയമുള്ളപക്ഷം ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്/ബയോളജി, ലോജിക്കൽ റീസണിങ് എന്നിവയിൽനിന്ന് മൂന്നുവീതം അധിക ചോദ്യങ്ങൾ (മൊത്തം 12) കൂടി ആവശ്യപ്പെടാം. ഈ ഓപ്ഷൻ സ്വീകരിച്ചാൽ, നേരത്തേ ഉത്തരം നൽകിയ 130 ചോദ്യങ്ങളിലേക്ക് തിരികെപ്പോകാൻ കഴിയില്ല. കേരളത്തിൽ കൊച്ചിയും തിരുവനന്തപുരവും പരീക്ഷാകേന്ദ്രമാണ്.
ബിറ്റ്‌സാറ്റ് 2022 രണ്ടുതവണ അഭിമുഖീകരിക്കാം. ആദ്യസെഷൻ ജൂൺ 20-നും 26-നും ഇടയ്ക്കും രണ്ടാംസെഷൻ ജൂലായ് 22-നും 26-നും ഇടയ്ക്കുമാകും നടത്തുക. ഓരോ സെഷനിലേക്കും സൗകര്യപ്രദമായ പരീക്ഷാകേന്ദ്രം, പരീക്ഷാതീയതി, സ്ലോട്ട് എന്നിവ തിരഞ്ഞെടുക്കാൻ അവസരമുണ്ടാകും. ആദ്യ സെഷന് അപേക്ഷ നൽകുമ്പോൾ രണ്ടാം സെഷനിലേക്കും താത്‌പര്യം നൽകാം. ആദ്യസെഷൻ അഭിമുഖീകരിച്ചശേഷം രണ്ടാം സെഷൻ തിരഞ്ഞെടുക്കാനും അവസരമുണ്ടാകും. ആദ്യ സെഷന് രജിസ്റ്റർ ചെയ്യാത്തവർക്ക് രണ്ടാം സെഷനു മാത്രമായി രജിസ്‌ട്രേഷൻ ഉണ്ടായിരിക്കില്ല. രണ്ടു സെഷനുകളും അഭിമുഖീകരിക്കുന്നവരെ അവരുടെ മികച്ച സ്കോർ പരിഗണിച്ച് പ്രവേശനത്തിന് പരിഗണിക്കും.
അപേക്ഷാ ഫീസ്: ഒരുമിച്ച് രണ്ടുസെഷന് അപേക്ഷിച്ചാൽ, ആൺകുട്ടികൾക്ക് 5400 രൂപയും പെൺകുട്ടികൾക്ക് 4400 രൂപയുമാണ് ഫീസ്. ആദ്യ തവണത്തേക്കുമാത്രം അപേക്ഷിച്ചാൽ: യഥാക്രമം 3400 രൂപ, 2900 രൂപ; ഇവർ രണ്ടാം സെഷന് പിന്നീട് അപേക്ഷിച്ചാൽ അപ്പോൾ നൽകേണ്ട അധികത്തുക : യഥാക്രമം 2000 രൂപ, 1500 രൂപ. ദുബായ് സെന്റർ തിരഞ്ഞെടുക്കുന്നവർക്ക് മറ്റൊരു അപേക്ഷാഫീസ് ഘടനയാണ്. രണ്ടാംസെഷൻ അപേക്ഷ, ഓരോ സെഷന്റെയും ടെസ്റ്റ് സെന്റർ അലോട്ട്‌മെന്റ്/അനൗൺസ്‌മെന്റ്, സ്ലോട്ട് ബുക്കിങ് തീയതികൾ ബ്രോഷറിലുണ്ട്.
- മന:പാഠം പഠിച്ചുമാത്രം സ്കൂൾ പരീക്ഷ എഴുതരുത്: വിദ്യാർത്ഥിയുടെ പഠന മികവ് പരിശോധിക്കണം
- പരീക്ഷകളുടെ ചോദ്യങ്ങൾ മുൻകൂട്ടി സ്വകാര്യ ഓൺലൈൻ മാധ്യമങ്ങളിൽ: കർശന നടപടി വേണമെന്ന് അധ്യാപകർ
- എൽഎസ്എസ്, യുഎസ്എസ് പരീക്ഷയുടെ വിജ്ഞാപനം
- എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് ഇനിമുതൽ മാറ്റാം: കേരള വിദ്യാഭ്യാസചട്ടം ഭേദഗതി ചെയ്തു
- ഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷ
വിശദ വിവരങ്ങൾക്ക്: https://bsitadmission.com