JOIN OUR WHATSAPP GROUP https://chat.whatsapp.com/LDcee2OuCZG0BXOqY10AMX
കോട്ടയം: എംബിഎ മാര്‍ക്ക്‌ലിസ്റ്റ് നൽകുന്നതിന് ഒന്നരലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ട എംജി സര്‍വകലാശാല ജീവനക്കാരിയെ സസ്പെൻഡ് ചെയ്തു. പത്തനംതിട്ട സ്വദേശിയായ വിദ്യാര്‍ഥിനിയുടെ പരാതിയിൽ യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് സി.ജെ. എല്‍സിയെ ആണ് അന്വേഷണ വിധേയമായി സസ്‌പെൻ്റ് ചെയ്തത്. കൈക്കൂലി ആവശ്യപ്പെട്ടതിനെ തുടർന്ന് എൽസിയെ വിജിലൻസ് പിടികൂടിയിരുന്നു. വിദ്യാർത്ഥിയുടെ പരാതിയെ തുടർന്നായിരുന്നു നടപടി. എംബിഎ സപ്ലിമെന്ററി പരീക്ഷയെഴുതിയിരുന്ന വിദ്യാര്‍ഥിയുടെ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ കാലതാമസം നേരിട്ടിരുന്നു. ജോലിയുടെ ആവശ്യത്തിന് സര്‍ട്ടിഫിക്കറ്റിനായി വിദ്യാര്‍ഥി സര്‍വകലാശാലയിൽ എത്തിയപ്പോഴാണ് എല്‍സിയെ പരിചയപ്പെടുന്നത്. തുടർന്ന് സര്‍ട്ടിഫിക്കറ്റ് വേഗത്തില്‍ ലഭിക്കാൻ ഒന്നരലക്ഷം രൂപ കൈക്കൂലി ഇവര്‍ ആവശ്യപ്പെടുകയായിരുന്നു. പലപ്പോഴായി വിദ്യാര്‍ഥി പണം ഇല്ലെന്ന് പറഞ്ഞെങ്കിലും സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ കാലതാമസം നേരിട്ടു. ഇതേത്തുടര്‍ന്ന് പണം നൽകാൻ വിദ്യാര്‍ഥി തയ്യാറാകുകയായിരുന്നു. ഒരു ലക്ഷം ബാങ്ക് അക്കൗണ്ടിലൂടെയും 25,000 രൂപ പലപ്രാവശ്യമായി നല്‍കുകയും ചെയ്‌തു. സര്‍ട്ടിഫിക്കറ്റ് ലഭിക്കണമെങ്കില്‍ ബാക്കി തുക ശനിയാഴ്‌ച നല്‍കാന്‍ എൽസി ആവശ്യപ്പെട്ടു. പണവുമായി എത്തിയ വിദ്യാര്‍ഥി ഇക്കാര്യം വിജിലന്‍സിനെ അറിയിക്കുകയായിരുന്നു. വിദ്യാര്‍ഥി ജീവനക്കാരിക്ക് പണം നല്‍കിയതിന് പിന്നാലെ ഇവരെ വിജിലന്‍സ് പിടികൂടുകയായിരുന്നു.