പ്രധാന വാർത്തകൾ

കൊല്ലം കടയ്ക്കല്‍ വൊക്കേഷണല്‍ ഹയർസെക്കൻഡറി  സ്കൂൾ ദേശീയ പുരസ്‌കാര നിറവിൽ

Sep 17, 2021 at 5:43 pm

Follow us on

തിരുവനന്തപുരം: കേന്ദ്ര സ്പോര്‍ട്സ് യുവജനകാര്യ മന്ത്രാലയത്തിന്റെ 2019-20 വർഷത്തെ നാഷണല്‍ സര്‍വീസ് സ്കീം ദേശീയ പുരസ്കാരം പൊതു വിദ്യാഭ്യാസ വകുപ്പിലെ വിഎച്ച്എസ്ഇ എന്‍എസ്എസ് യൂണിറ്റിന്. കൊല്ലം കടയ്ക്കല്‍ വൊക്കേഷണല്‍ ഹയർസെക്കൻഡറി  സ്കൂളിനാണ് ലഭിച്ചത്. മികച്ച പ്രോഗ്രാം ഓഫീസര്‍ക്കുള്ള ദേശീയ പുരസ്കാരം ഇതേ സ്കൂളിലെ പ്രോഗ്രാം ഓഫീസറായ എസ്.അന്‍സിയക്ക് ലഭിച്ചു. 2017-2020 വരെയുള്ള കാലയളവില്‍ നിര്‍വഹിക്കപ്പെട്ട വിദ്യാര്‍ത്ഥി വിദ്യാലയ സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനങ്ങളിലെ മികവാണ് സ്കൂളിനേയും ടീച്ചറേയും ദേശീയ നേട്ടത്തിന് അര്‍ഹരാക്കിയത്. സ്കൂള്‍ എന്‍.എസ്.എസ് ദത്ത് ഗ്രാമത്തില്‍ തുടര്‍ച്ചയായി 3 വര്‍ഷം നിര്‍വ്വഹിക്കപ്പെട്ട അമ്മമാര്‍ക്കുള്ള അടുക്കളത്തോട്ട നിര്‍മ്മാണം, കുടിവെള്ള ഗുണനിലവാര പരിശോധന, ആരോഗ്യ ജാഗ്രതാ ക്യാമ്പുകള്‍, നൈപുണീ വികസന പദ്ധതികള്‍ തുടങ്ങിയവ അവാര്‍ഡിന് പരിഗണിക്കപ്പെട്ടു. കടയ്ക്കല്‍ ആറ്റുപുറം യു.പി സ്കൂളില്‍ എന്‍.എസ്.എസ് ക്യാമ്പ് സംഘടിപ്പിക്കവേ തദ്ദേശവാസികളുടെ കുടിവെള്ള ക്ഷാമം പരിഹരിച്ച് ടീച്ചറും, കുട്ടികളും നിര്‍മ്മിച്ച കിണര്‍ നാട്ടുകാരുടെ പ്രശംസ നേടിയിരുന്നു. അങ്കണവാടികളുടെ സമുദ്ധാരണവുമായി ബന്ധപ്പെട്ട ശ്രേഷ്ഠബാല്യം പദ്ധതി, കടയ്ക്കല്‍ പഞ്ചായത്തിലെ 7000 വീടുകള്‍ സ്വയം നിര്‍മ്മിച്ച എല്‍.ഇ.ഡി ബള്‍ബ് വിതരണം ചെയ്ത ഉജാല യോജന പദ്ധതി , പ്രളയകാലത്തെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍, സ്വച്ഛ്ഭാരത് ക്യാമ്പയിനുകള്‍ തുടങ്ങിയവ കടയ്ക്കല്‍ എന്‍.എസ്.എസ് യൂണിറ്റിന്‍റെ പ്രവര്‍ത്തന നേട്ടങ്ങളില്‍ ചിലതാണ്.

\"\"

കുളത്തൂപ്പുഴ അന്‍സിയ മന്‍സിലില്‍ സലാഹുദ്ദീന്‍ ഉമയ്ബ ദമ്പതികളുടെ മകളും കടയ്ക്കല്‍ കോയിക്കലൈകത്ത് നിസാമുദ്ദീന്‍റെ പത്നിയുമായ അന്‍സിയ ടീച്ചര്‍ കടയ്ക്കല്‍ സ്കൂളില്‍ തുടര്‍ച്ചയായി 4 വര്‍ഷം എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസറായിരിക്കുകയും 2018 ല്‍ മണാലിയില്‍ നടന്ന ദേശീയ സാഹസിക ക്യാമ്പിലേക്ക് കേരള വളണ്ടിയര്‍ ടീമിനെ നയിക്കുകയും ചെയ്തിട്ടുണ്ട്. സെപ്റ്റംബര്‍ 24 ന് എന്‍.എസ്.എസ് ദിനാചരണ ത്തോടനുബന്ധിച്ച് ഡല്‍ഹി രാഷ്ട്രപതി ഭവനില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ മികച്ച യൂണിറ്റിനുള്ള  പുരസ്കാരം പ്രിന്‍സിപ്പല്‍ അനില്‍ റോയ് മാത്യുവും, മികച്ച പ്രോഗ്രാം ഓഫീസര്‍ക്കുള്ള പുരസ്കാരം അന്‍സിയയും ഏറ്റുവാങ്ങും.

\"\"

Follow us on

Related News