തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയതായി നിർമിച്ച 92 സ്കൂള്‍ കെട്ടിടങ്ങള്‍, 48 ഹയര്‍സെക്കന്ററി ലാബുകള്‍, 3 ഹയര്‍സെക്കന്ററി ലൈബ്രറികള്‍ എന്നിവയുടെ ഉദ്ഘാടനം ഈ മാസം 14ന് നടക്കും. ഇതിനു പുറമെ 107 പുതിയ സ്കൂള്‍ കെട്ടിടങ്ങളുടെ നിർമ്മാണ ഉദ്ഘാടനവും അന്ന് നടക്കും. ആകെ 362 കോടിയുടെ വികസന പ്രവർത്തനങ്ങളാണ് പുതിയതായി പൊതുവിദ്യാഭ്യാസ മേഖലയിൽ സർക്കാർ നടപ്പാക്കുന്നത്. സ്കൂളുകളുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതിയുടെ ഉദ്ഘാടനം 14ന് വൈകിട്ട് 3.30 ന് മുഖ്യമന്ത്രി ഓൺലൈൻ വഴി നിർവഹിക്കും. 250 കേന്ദ്രങ്ങളിലാണ് ചടങ്ങുകള്‍ നടക്കുക. മുഖ്യമന്ത്രിയുള്‍പ്പെടെ 18 മന്ത്രിമാര്‍, പ്രതിപക്ഷ നേതാവ്, ചീഫ് വിപ്പ് എന്നിവരെക്കൂടാതെ 93 എം.എല്‍.എമാരും ഈ ചടങ്ങിന്റെ ഭാഗമാകും. ചീഫ് സെക്രട്ടറി ഡോ. വി.പി.ജോയ് ചടങ്ങിന് സ്വാഗതവും പൊതുവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് നന്ദിയും ആശംസിക്കും. നവകേരളം കര്‍മ്മപദ്ധതി കോ-ഓര്‍ഡിനേറ്റര്‍ ഡോ.ടി.എന്‍.സീമ, പൊതുവിദ്യാഭ്യാസ ഡയറക്ടറും പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം സി.ഇ.ഒയുമായ ജീവന്‍ ബാബു.കെ, എസ്.സി.ഇ.ആര്‍.ടി ഡയറക്ടര്‍ ഡോ. ജെ. പ്രസാദ്, കില ഡയറക്ടര്‍ ജനറല്‍ ഡോ. ജോയ് ഇളമണ്‍ , കൈറ്റ് സി.ഇ.ഒ അന്‍വര്‍ സാദത്ത്, സമഗ്രശിക്ഷ സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍ ഡോ.എ.പി.കുട്ടികൃഷ്ണന്‍ എസ്.ഐ.ഇ.ടി. ഡയറക്ടര്‍ അബുരാജ്, സീമാറ്റ് ഡയറക്ടര്‍ ഡോ. എം.എ.ലാല്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരാകും.
ഇത്രയും കെട്ടിടങ്ങള്‍ ഒരുമിച്ച് ഉദ്ഘാടനം നടത്തുന്നതും ഇത്രമാത്രം ഇടങ്ങിളിലേക്ക് വ്യാപിച്ച് ഉദ്ഘാടന കേന്ദ്രങ്ങള്‍ വരുന്നതും ഇത്രയും ജനപ്രതിനിധികള്‍ ഒരുമിച്ച് ഒരു ചടങ്ങിന്റെ ഭാഗമാകുന്നതും ആദ്യമായാണ്.
14ന് ഉദ്ഘാടനം ചെയ്യുന്ന 92 സ്കൂള്‍ കെട്ടിടങ്ങളില്‍ കിഫ്ബി 5 കോടിധന സഹായത്തോടെയുള്ള 11 സ്കൂള്‍ കെട്ടിടങ്ങള്‍, 3കോടി ധനസഹായത്തോടെയുള്ള 23 സ്കൂള്‍ കെട്ടിടങ്ങള്‍, പ്ലാന്‍ ഫണ്ട്, സമഗ്രശിക്ഷ കേരളം ഫണ്ട്, നബാര്‍ഡ് ഫണ്ട്, എം.എല്‍.എഫണ്ട് എന്നിവ ഉപയോഗിച്ച് 58 സ്കൂള്‍ കെട്ടിടങ്ങള്‍ എന്നിവ ഉള്‍പ്പെടും. തറക്കല്ലിടുന്ന സ്കൂള്‍ കെട്ടിടങ്ങളില്‍ 84 എണ്ണം കിഫ്ബിയുടെ ഒരു കോടി ധനസഹായത്തോടെ കില എസ്.പി.വിയായി നിര്‍മ്മാണം നടത്തുന്ന സ്കൂള്‍ കെട്ടിടങ്ങളാണ്. ബാക്കി 23 എണ്ണം പ്ലാന്‍ ഫണ്ട് വിനിയോഗിച്ചുമാണ്. ഉദ്ഘാടനം ചെയ്യുന്ന ഹയര്‍സെക്കന്ററി ലാബും, ലൈബ്രറിയും പ്ലാന്‍ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മാണം പൂര്‍ത്തിയാക്കിയവയാണ്. ഉദ്ഘാടനം ചെയ്യുന്ന കെട്ടിടങ്ങളുടെ മതിപ്പ് ചെലവ് 214 കോടി രൂപയോളമാകും. അതുപോലെ ശിലാസ്ഥാപനം നടത്തുന്ന കെട്ടിടങ്ങള്‍ക്ക് 124 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു.

0 Comments