തിരുവനന്തപുരം: കേരളത്തിൽ അനുകൂല സാഹചര്യം വന്നാല്‍ സ്കൂളുകള്‍ തുറക്കുന്നതിന് മുന്‍ഗണന നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. സ്കൂളുകൾ തുറക്കുന്നതിനു മുന്നോടിയായി അധ്യാപക നിയമനങ്ങള്‍ പൂര്‍ത്തിയാക്കി. ബാക്കിയുള്ളവയുടെ നടപടികൾ പുരോഗമിക്കുന്നു. അധ്യാപകര്‍ക്ക് വാക്സിന്‍ നല്‍കുന്നതില്‍ മുന്‍ഗണന നല്‍കി വരുന്നുണ്ട്. കഴിഞ്ഞ 16 മാസക്കാലത്തിലേറെയായി കുട്ടികള്‍ വീടുകളിലാണ്. അത് അവര്‍ക്ക് ശീലമില്ലാത്ത കാര്യമാണ്. സംഘം ചേര്‍ന്ന് കളിയ്ക്കുമ്പോഴും ഇടപഴകുമ്പോഴുമാണ് വൈകാരികവും സാമൂഹികവുമായ വളര്‍ച്ചയും വികാസവും ഉണ്ടാകുന്നത്. വീടുകളില്‍ ദീര്‍ഘകാലം കഴിഞ്ഞു കൂടേണ്ടിവന്ന കുട്ടികളുടെ ജീവിത രീതിയും ശീലങ്ങളും വലിയ തോതില്‍ മാറിയിട്ടുണ്ടാകും. സ്കൂള്‍ തുറന്നു കഴിഞ്ഞാല്‍ കുട്ടികള്‍ക്ക് വൈകാരികവും സാമൂഹികവുമായ പിന്തുണ ഉറപ്പാക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കും. മുഴുവന്‍ കുട്ടികളേയും തിരിച്ച് സ്കൂളിലെത്തിക്കുക എന്ന വെല്ലുവിളി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളടക്കം നേതൃത്വത്തില്‍ ജനകീയ സഹകരണത്തോടെ ഏറ്റെടുക്കും. കുട്ടികള്‍ക്ക് സാധാരണ ക്ലാസ്സുകള്‍ ഇല്ലാത്തിനാല്‍ ഉണ്ടാകാനിടയുള്ള പഠന വിടവ് പരിഹരിക്കുന്നതിനാവശ്യമായ പിന്തുണ വിദ്യാഭ്യാസ വകുപ്പിലെ ഏജന്‍സികളുടെ കൂട്ടായ്മയില്‍ നല്‍കും. ഇതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തു വരുന്നു.

സ്കൂൾ പാഠ്യപദ്ധതി കാലാനുസൃതമായി പരിഷ്ക്കരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യാ സാധ്യതകളെ പാഠ്യപദ്ധതിയില്‍ ഉള്‍ച്ചേര്‍ക്കേണ്ടതുണ്ട്. 2013ലാണ് പാഠ്യപദ്ധതി ഏറ്റവും അവസാനമായി പരിഷ്ക്കരിച്ചത്. അതിന് ശേഷം അറിവിന്റെ മേഖലകളിലും സാങ്കേതിക വിദ്യയുടെ രംഗത്തും, ബോധന രംഗത്തും വന്ന മാറ്റങ്ങളെ ഉള്‍ച്ചേര്‍ക്കേണ്ടതുണ്ട്. അതോടൊപ്പം ലിംഗതുല്യത, ലിംഗാവബോധം എന്നിവ വളരാന്‍ ആവശ്യമായ അവസരങ്ങളും പാഠ്യപദ്ധതിയിലുണ്ടാകണം. നിലവിലുള്ള പാഠപുസ്തകങ്ങളുടെ ജന്റര്‍ ഓഡിറ്റ് നടത്താനും നിലവില്‍ പ്രശ്നങ്ങളുണ്ടെങ്കില്‍ അവ കണ്ടെത്തി പരിഹരിക്കാനും പുതിയ പാഠ്യപദ്ധതിയിലൂടെ കഴിയണം. കുട്ടികളുടെ കായിക ക്ഷമത വര്‍ദ്ധിപ്പിക്കുക എന്നത് ഏറ്റവും മുന്‍ഗണനയോടെ അഭിമുഖീകരിക്കും. ചെറിയ പ്രായത്തില്‍ തന്നെ കുട്ടികള്‍ രോഗാതുരരാകുന്നു എന്ന പ്രശ്നമുണ്ട്. അതും ഗൗരവമായിക്കാണുന്നതാണെന്ന് മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.
0 Comments