പ്രധാന വാർത്തകൾ

പോളിടെക്നിക്കുകളിൽ ന്യൂ ജനറേഷൻ കോഴ്സുകൾ: മന്ത്രി ആർ.ബിന്ദു

Sep 6, 2021 at 4:13 pm

Follow us on

തിരുവനന്തപുരം: സംസ്ഥാനത്തെ പോളിടെക്നിക് കോളജുകളിൽ കൂടുതൽ ന്യൂ ജനറേഷൻ കോഴ്‌സുകൾ ആരംഭിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. പാലക്കാട് പോളിടെക്നിക് കോളജിലെ സിവിൽ എൻജിനിയറിങ് അക്കാദമിക് ബ്ലോക്ക് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. മട്ടന്നൂർ പോളിടെക്നിക് കോളജിലെ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന്റെ രണ്ടാംനിലയുടെ ഉദ്ഘാടനവും ഓൺലൈനിൽ ഇതോടൊപ്പം മന്ത്രി നിർവഹിച്ചു. സാങ്കേതികവിദ്യയിൽ ലോകമാകെ വലിയ കുതിപ്പുകൾ ഉണ്ടാവുകയാണ്. അനുദിനം വികസിക്കുന്ന വിജ്ഞാന ചക്രവാളത്തിലേക്ക് നമ്മുടെ കുട്ടികൾക്കും കടന്നുചെല്ലാൻ കഴിയണം. മാറിവരുന്ന അറിവുകൾ സ്വാംശീകരിച്ച് നാടിന്റെ ആവശ്യങ്ങൾക്ക് ഇണങ്ങുന്ന വിധത്തിലാക്കുന്ന കോഴ്സുകളാണ് ഉണ്ടാവുക. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിംഗ്, സൈബർ സെക്യൂരിറ്റി തുടങ്ങിയ നവീന കോഴ്സുകൾ ഇതിനായി തുടങ്ങും. സാങ്കേതികവിദ്യാസ്ഥാപനങ്ങളോട് ചേർന്ന് ചെറുകിട ഉത്പാദനകേന്ദ്രങ്ങൾ തുറക്കും. പഠിതാക്കളുടെ പരിശീലനം ഇവിടെ നിന്നാക്കും. വ്യവസായ സ്ഥാപനങ്ങളോട് സഹകരിച്ചുള്ള സാങ്കേതികവിദ്യ കോഴ്‌സുകളും പരിഗണനയിലുണ്ട്.
സാങ്കേതികവിദ്യാപഠനം കഴിഞ്ഞ് വിദേശരാജ്യങ്ങളിൽ ജോലി തേടുന്നതാണ് ഇന്ന് പൊതുപ്രവണത. പഠനം കഴിഞ്ഞിറങ്ങുന്നവരുടെ ബുദ്ധിശേഷിയും ആർജ്ജിത കഴിവുകളും കേരളസമ്പദ്ഘടനയുടെ വികാസത്തിന് ഉപയോഗപ്പെടുത്താനാണ് സർക്കാരിന്റെ ശ്രമം. മട്ടന്നൂർ പോളിടെക്നിക്ക് കോളജിൽ പഠിച്ചിറങ്ങുന്നവർക്ക് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സാമീപ്യം വലിയ അവസരം തുറന്നുകൊടുക്കും. അത് പ്രയോജനപ്പെടുത്താൻ സർക്കാരിന്റെയും ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെയും എല്ലാ സഹായവും ഉണ്ടാവുമെന്ന് മന്ത്രി പറഞ്ഞു

\"\"

Follow us on

Related News