തിരൂര്‍: ഒരു തൊഴിലാളി തന്റെ ജീവതത്തിൽ ശേഖരിച്ച അപൂര്‍വ്വ ഗ്രന്ഥങ്ങൾ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയ്ക്ക് സമ്മാനിച്ചു. പരപ്പനങ്ങാടി സ്വദേശി പി.കെ ഗോപാലനാണ് അച്ചടിയിലില്ലാത്ത കാലത്തെ അപൂർവ്വ ഗ്രന്ഥങ്ങൾ അടക്കം സർവകലാശാലയ്ക്ക് കൈമാറിയത്. ലോക ക്ലാസിക്കുകള്‍ മുതൽ വിശ്വവിജ്ഞാനകോശം, ഋഗ്വേദം, ഭാഷാ ഭാഷ്യവും കേരളശാസ്ത്ര സാഹിത്യപരിഷത്തിന്‍റെയും ചിന്ത പബ്ലിക്കേഷന്‍റെയും നിരവധി പുസ്തകങ്ങളും ഉള്‍പ്പെടുന്ന ഗ്രന്ഥശേഖരമാണ് മലയാള സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്കും ഗവേഷകര്‍ക്കുമായി അദ്ദേഹം കൈമാറിയിരിക്കുന്നത്. പുസ്തകങ്ങളോടൊപ്പം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ബന്ധപ്പെട്ട നിരവധി രേഖകളും ഗോപാലന്‍റെ കൈവശമുണ്ടായിരുന്നു. മലപ്പുറം ജില്ലയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രമെഴുതുന്നതിന്‍റെ ഭാഗമായി അവയെല്ലാം ഇതിന് മുമ്പ് അദ്ദേഹം കൈമാറിയിരുന്നു. തൊഴിലാളി പ്രസ്ഥാനത്തിന്‍റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങളാണ് വായനയിലേക്കും സംവാദങ്ങളിലേക്കും ചരിത്രത്തിലേക്കും നയിച്ചതെന്ന് അദ്ദേഹം പറഞ്ഞു. തന്‍റെ കൈവശമുണ്ടായിരുന്ന പുസ്തകങ്ങളില്‍ നല്ല പങ്കും ഇതിന് മുമ്പ് തന്നെ ഗ്രാമീണ ഗ്രന്ഥശാലകള്‍ക്ക് അദ്ദേഹം കൈമാറിയിട്ടുണ്ട്. ഭാര്യ മൈത്രിയോടൊപ്പം പരപ്പനങ്ങാടിയിലെ വസതിയില്‍ താമസിക്കുന്ന ഗോപാലന് മക്കളില്ല. എണ്‍പതിന്‍റെ നിറവില്‍ എത്തിയ അദ്ദേഹം ഇപ്പോഴും വായനയുടെയും തന്‍റേതായ ആലോചനകളുമായി സജീവമാണ്.
രജിസ്ട്രാര്‍ ഇന്‍ചാര്‍ജ് ഡോ.പി.എം. റെജിമോന്‍, എഴുത്തച്ഛന്‍ പഠനസ്കൂള്‍ ഡയറക്ടര്‍ ഡോ.കെ.എം.അനില്‍, ലൈബ്രറി അസിസ്റ്റന്‍റ് എം.പി. ജാബിര്‍മേന്‍ എന്നിവര്‍ ഗോപാലന്‍റെ വീട്ടില്‍ എത്തി അദ്ദേഹത്തെ പ്രശസ്തി പത്രവും പൊന്നാടയും അണിയിച്ച് ആദരിച്ചു.
