സംസ്ഥാനത്ത് ഡിജിറ്റൽ‍ വിദ്യാഭ്യാസം: വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ പഠനോപകരണങ്ങൾ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി

Jul 17, 2021 at 7:22 pm

Follow us on

തിരുവനന്തപുരം: ഗുണമേന്മാ വിദ്യാഭ്യാസം എല്ലാ കുട്ടികളുടെയും അവകാശമാണെന്നും സംസ്ഥാനത്ത് ഡിജിറ്റല്‍ വിദ്യാഭ്യാസ സൗകര്യം ഒരുക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു ഭാഗത്തേക്ക് മാത്രമുള്ള ആശയവിനിമയം എന്നത് ടെലിവിഷന്‍ ക്ലാസ്സുകളുടെ പരിമിതിയാണ്. അത് മറികടന്ന് ഓരോ വിദ്യാലയത്തിലെയും അധ്യാപകര്‍ തയ്യാറാക്കുന്ന സംവാദാത്മക ക്ലാസ്സുകള്‍ ലഭ്യമാക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്.

\"\"

https://wa.me/+919895374159

ആദ്യ ഘട്ടത്തില്‍ ജി-സ്യൂട്ട് ഉപയോഗിച്ച് ഈ പ്രവര്‍ത്തനം തുടങ്ങും.
വിവേചനരഹിതമായി എല്ലാവര്‍ക്കും സ്വതന്ത്രമായും ആത്മവിശ്വാസത്തോടെയും ക്ലാസ്സില്‍ പങ്കാളികളാകാന്‍ അവസരമൊരുക്കും. ഇതിന് പാഠപുസ്തകം പോലെ എല്ലാ കുട്ടികള്‍ക്കും ഡിജിറ്റല്‍ ഉപകരണങ്ങള്‍ ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്. അത് ഉറപ്പാക്കാനുള്ള ജനകീയ ക്യാമ്പയിന്‍ സര്‍ക്കാര്‍ ആരംഭിക്കുകയാണ്.


ഓരോ വിദ്യാലയത്തിലും എത്ര കുട്ടികള്‍ക്ക് ഡിജിറ്റല്‍ പഠനസൗകര്യം ലഭ്യമാണെന്നും എത്ര കുട്ടികള്‍ക്ക് ഉപകരണങ്ങള്‍ ഇനിയും ലഭ്യമാക്കണമെന്നും കൃത്യമായി തിട്ടപ്പെടുത്തുകയാണ് ഇതിന്‍റെ ആദ്യപടി. പി.ടി.എ.കളുടെ നേതൃത്വത്തിലുള്ള സ്കൂള്‍തല സമിതിക്കാണ് ഇതിന്‍റെ ചുമതല.

\"\"

ആദിവാസി വിഭാഗത്തിന് പ്രഥമ പരിഗണന നല്‍കി എല്ലാ കുട്ടികള്‍ക്കും ഡിജിറ്റല്‍ വിദ്യാഭ്യാസം ഉറപ്പാക്കും. ആദിവാസി വിഭാത്തില്‍ ഡിജിറ്റല്‍ പഠനോപകരണങ്ങള്‍ കൈകാര്യം ചെയ്യാനുള്ള പരിശീലനം കുട്ടികള്‍ക്കും ആവശ്യമെങ്കില്‍ രക്ഷിതാക്കള്‍ക്കും നല്‍കും. ആവശ്യമുള്ള ഊരുകളില്‍ പഠന മുറികള്‍ ഒരുക്കും. കണക്ടിവിറ്റി പ്രശ്നവും പരിഹരിക്കാൻ നടപടിയെടുക്കുന്നുണ്ട്.

\"\"

ഡിജിറ്റല്‍ ഉപകരണങ്ങളില്ലാത്ത ആദിവാസി/പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ കുട്ടികള്‍ക്കെല്ലാം ഉപകരണങ്ങള്‍ ലഭ്യമാക്കും.

ധനകാര്യ സ്ഥാപനങ്ങളുടെ സാമ്പത്തിക പിന്തുണയോടെ ഉപകരണങ്ങള്‍ വാങ്ങാന്‍ ശേഷിയുള്ളവര്‍ക്ക് വായ്പ / ചിട്ടി ലഭ്യമാക്കും. ചെറിയ പിന്തുണ നല്‍കിയാല്‍ ഉപകരണങ്ങള്‍ വാങ്ങാന്‍ ശേഷിയുള്ളവരുണ്ട്. അവര്‍ക്ക് സഹകരണ ബാങ്കുകള്‍ ഇതിനകം പ്രഖ്യാപിച്ച പലിശ രഹിത വായ്പ പദ്ധതി പ്രയോജനപ്പെടുത്താം. സ്വന്തം കുട്ടിക്ക് ഉപകരണങ്ങള്‍ വാങ്ങിച്ച് നല്‍കുമ്പോള്‍ മറ്റൊരു കുട്ടിക്ക് കൂടി വാങ്ങി കൊടുക്കാന്‍ പറ്റുന്നവരെ അതിനു പ്രേരിപ്പിക്കണം.

\"\"

സ്കൂള്‍തലത്തില്‍ സമാഹരിച്ച വിവരങ്ങള്‍
തദ്ദേശസ്വയംഭരണ സ്ഥാപനതലത്തിലും ജില്ലാതലത്തിലും ക്രോഡീകരിക്കും. വിവരശേഖരണത്തിനും പ്രവര്‍ത്തനങ്ങള്‍ക്കും മേല്‍നോട്ടം വഹിക്കുന്നതിന് സ്കൂള്‍, വാര്‍ഡ്, തദ്ദേശസ്വയംഭരണ സ്ഥാപന, ജില്ലാ, സംസ്ഥാനതല സമിതികള്‍ രൂപീകരിക്കും. സമിതികളില്‍ ചിലത് ഇതിനകം പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്.

\"\"

ഉപകരണങ്ങള്‍ ആവശ്യമായ കുട്ടികളുടെ എണ്ണം ഡിജിറ്റല്‍ വിദ്യഭ്യാസം ഉപ്പാക്കാനുള്ള ക്യാമ്പയിന്‍ പ്രവര്‍ത്തനത്തിനായി വികസിപ്പിച്ച പോര്‍ട്ടലില്‍ ലഭ്യമാക്കും. ഈ പോര്‍ട്ടലില്‍ ലഭ്യമാകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഉപകരണങ്ങളോ പണമോ സംഭാവനയായി നല്‍കാം. കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുടെ പൊതുനന്മാ ഫണ്ടും ഇതിനായി വിനിയോഗിക്കാവുന്നതാണ്.

\"\"

പൊതുനന്മാഫണ്ട് പ്രയോജനപ്പെടുത്താന്‍ പ്രത്യേക പ്രോജക്ട് തയ്യാറാക്കി നല്‍കാനുള്ള സംവിധാനവും പോര്‍ട്ടലിന്‍റെ ഭാഗമായി ഒരുക്കും. സംഭാവന സ്വീകരിക്കാന്‍ സി.എം.ഡി.ആര്‍.എഫിന്‍റെ ഉപഘടകമായി ചീഫ് മിനിസ്റ്റേഴ്സ് എഡ്യൂക്കേഷണല്‍ എംപവര്‍മെന്‍റ് ഫണ്ട് രൂപീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

\"\"

വിജ്ഞാനസമൂഹമാക്കി കേരളത്തെ പരിവര്‍ത്തിപ്പിക്കാനുള്ള ഉദ്യമത്തിന്‍റെ ആദ്യ പടിയായി മാറുമെന്ന് പ്രതീക്ഷിക്കുന്ന ഈ വിദ്യാഭ്യാസ പരിവര്‍ത്തന പരിപാടിയില്‍ എല്ലാവരുടെയും സഹായവും സഹകരണവും അഭ്യര്‍ത്ഥിക്കുന്നു.

ഒരോ വിദ്യാലായത്തിന്‍റെയും വിഭവ ശേഷി വളരെ വലുതാണ്. പൂര്‍വ്വ വിദ്യാര്‍ഥികള്‍ അഭ്യുദയകാംക്ഷികള്‍, സാമൂഹിക സാംസ്കാരിക
സംഘടനകള്‍ എന്നിവരടങ്ങിയ വന്‍ ജനകീയ മുന്നേറ്റമായി ഈ ക്യാമ്പയിന്‍ മാറ്റാനാകണം. അതുകൊണ്ട് കഴിയുന്ന സംഭാവനകള്‍ ഈ സദുദ്യമത്തിന് ഉറപ്പാക്കണം. അതുവഴി നമുക്ക് ഒന്നായി നാടിന്‍റെ ഭാവി മാറ്റി പണിയുന്നതിനും നവകേരള സൃഷ്ടിക്കുമുള്ള പരിവര്‍ത്തനോന്മുഖ വിദ്യാഭ്യാസയജ്ഞത്തില്‍ പങ്കാളികളാകാം

Follow us on

Related News