ലിറ്റിൽ കൈറ്റ്സ് മെമ്പർഷിപ്പിനായി മാർച്ച് 10വരെ അപേക്ഷിക്കാം

തിരുവനന്തപുരം: ‘ലിറ്റിൽ കൈറ്റ്സ്’ ക്ലബിലേക്ക് എട്ടാം ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്ക് അപേക്ഷിക്കാം. ഏപ്രിലിൽ നടക്കുന്ന സോഫ്റ്റ് വെയർ അധിഷ്ഠിത അഭിരുചി പരീക്ഷയിൽ 40 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടുന്നവരിൽ നിന്ന് നിശ്ചിത എണ്ണം കുട്ടികളെയാണ് ഓരോ യൂണിറ്റിലും തിരഞ്ഞെടുക്കുക. അഭിരുചി പരീക്ഷയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ അപേക്ഷ മാർച്ച് 10നകം ക്ലാസ് ടീച്ചർ മുഖേന അതത് പ്രഥമാധ്യാപകർക്ക് സമർപ്പിക്കണം. രണ്ടായിരത്തിലധികം സ്‌കൂൾ യൂണിറ്റുകളിലായി അറുപതിനായിരം കുട്ടികൾക്ക് ഈ വർഷം അവസരം ലഭിക്കും.
അഞ്ചു മുതൽ ഏഴുവരെ ക്ലാസുകളിലെ ഇ@വിദ്യ, എട്ടാം ക്ലാസിലെ കൈറ്റ് വിക്ടേഴിസിലൂടെ സംപ്രേഷണം ചെയ്ത ഐ.സി.ടി ക്ലാസുകൾ, ഐ.ടി മേഖലയിലെ പൊതുവിജ്ഞാനം, ലോജിക്കൽ റീസണിംഗ് തുടങ്ങിയവ അടിസ്ഥാനപ്പെടുത്തിയായിരിക്കും അഭിരുചി പരീക്ഷ. അഭിരുചി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് കൈറ്റ് വിക്ടേഴ്സിലൂടെ മാർച്ച് രണ്ടാം വാരം പ്രത്യേക പരിശീലന ക്ലാസ് സംപ്രേഷണം ചെയ്യും. അനിമേഷൻ, പ്രോഗ്രാമിംഗ്, മൊബൈൽ ആപ് നിർമാണം, ഗ്രാഫിക്സ് ഡിസൈനിംഗ്, മലയാളം കമ്പ്യൂട്ടിംഗ്, ഹാർഡ്വെയർ, ഇലക്ട്രോണിക്സ്, ഐ.ഒ.ടി, റോബോട്ടിക്സ്, സൈബർ സുരക്ഷ തുടങ്ങിയ മേഖലകളിൽ വിദഗ്ധ പരിശീലനം ലിറ്റിൽ കൈറ്റ്സ് വഴി വിദ്യാർഥികൾക്ക് നൽകി വരുന്നുണ്ട്. ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളിൽ ‘എ ഗ്രേഡ്’ ലഭിക്കുന്ന കുട്ടികൾക്ക് 2020 മാർച്ച് മുതൽ എസ്.എസ്.എൽ.സി പരീക്ഷയിൽ ഗ്രേസ് മാർക്ക് നൽകുന്നു. ഡിജിറ്റൽ മീഡിയ ലിറ്ററസി ഉൾപ്പെടെ നിരവധി പുതിയ പദ്ധതികൾ ലിറ്റിൽ കൈറ്റ്സ് വഴി കൈറ്റ് നടപ്പാക്കുന്നു.

Share this post

scroll to top