കോഴിക്കോട്: ഫൗസിയ മാമ്പറ്റ അകാലത്തിൽ വിടവാങ്ങുമ്പോൾ നടക്കാവ് ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന്റെ നഷ്ടം വളരെ വലുതാണ്. നടക്കാവ് സ്കൂൾ മികച്ച വനിതാ ഫുട്ബോൾ പരിശീലന കേന്ദ്രമായി വളരുന്നതിനിടെയാണ് ഫൗസിയ വിടവാങ്ങുന്നത്. സ്പോർട്സ് കൗൺസിലിന്റെ പരിശീലകയായ ഫൗസിയ പഠിച്ചു വളർന്ന സ്കൂളാണ് നടക്കാവ് ഗേൾസ് ഹയർ സെക്കൻഡറി. 18 വർഷം മുൻപാണ് ഫൗസിയ കുട്ടികളെ കാൽപന്ത് പഠിപ്പിക്കാൻ സ്കൂളിൽ എത്തുന്നത്. പ്രിസം പദ്ധതിയിൽ ഉൾപ്പെടുത്തി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുന്നതിനു മുൻപ് തന്നെ ഫൗസിയ നടക്കാവ് സ്കൂളിനെ പ്രശസ്തിയിലെത്തിച്ചിരുന്നു.

ഫൗസിയ ചാർജ് എടുത്തതിന്റെ അടുത്ത വർഷം തന്നെ സംസ്ഥാന ടീമിലേക്ക് നടക്കാവ് സ്കൂളിൽനിന്ന് നാലുതാരങ്ങൾ തിരഞ്ഞെടുക്കുപ്പെട്ടു. ഇതിനു പിന്നിൽ ഫൗസിയയുടെ പ്രയത്നമായിരുന്നു.
പിന്നീട് സംസ്ഥാന ജൂനിയർ, സബ് ജൂനിയർ ചാമ്പ്യൻഷിപ്പിൽ രണ്ടാമതെത്തി. 2008ൽ 14 വയസിനു താഴെയുള്ളവരുടെ സംസ്ഥാന ടീമിൽ ആറുപേർ നടക്കാവ് സ്കൂളിൽ നിന്നുള്ളവരായിരുന്നു. സ്കൂളിലെ നിഖില ഇന്ത്യൻ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതും വലിയ നേട്ടമായി. 2009-ൽ ദേശീയ സബ്ജൂനിയർ ചാമ്പ്യൻഷിപ്പിനുള്ള കേരള ടീമിലെഏഴുപേർ ഫൗസിയയുടെ ശിഷ്യരായിരുന്നു. ടീമിലെ വൈ.എം.ആഷ്ലിയും ഇന്ത്യൻ ടീമിൽ സ്ഥാനം നേടി. സുബ്രതോകപ്പ് ഫുട്ബോളിൽ മൂന്നുതവണയാണ് നടക്കാവ് ഗേൾസ് സ്കൂൾ യോഗ്യത നേടിയത്. ഇന്ത്യയിൽ നടക്കാനിരിക്കുന്ന അണ്ടർ-17 ലോകകപ്പ് വനിതാ ടീം ക്യാമ്പിലും ഫൗസിയയുടെ ശിഷ്യർ ഇടംപിടിച്ചു. തന്റെ ശിഷ്യർ ലോകകപ്പിൽ കളിക്കുന്നത് കാണുക എന്ന ആഗ്രഹം ബാക്കിവച്ചാണ് ഫൗസിയ വിടവാങ്ങുന്നത്.

0 Comments