തിരുവനന്തപുരം : മെഡിക്കൽ പ്രവേശനത്തിനുള്ള അലോട്മെന്റ്കളെല്ലാം പൂർത്തിയായ സാഹചര്യത്തിൽ സർക്കാരുമായി സ്വാശ്രയ മാനേജ്‌മെന്റുകൾ വീണ്ടും കൊമ്പ് കോർക്കുന്നു. അലോട്മെന്റ് പൂർത്തിയായ ശേഷവും ഒഴിവു വരുന്ന എൻ.ആർ.ഐ. സീറ്റുകൾ മെറിറ്റ് സീറ്റുകളായി വിട്ടുനൽകാനാവില്ലെന്നാണ് മാനേജ്‌മെന്റ് നിലപാട്.
അലോട്മെന്റുകൾ എല്ലാം പൂർത്തിയായപ്പോൾ വിവിധ കോളജുകളിലായി അറുപതോളം സീറ്റുകൾ ഒഴിഞ്ഞു കിടക്കുകയാണ്. എല്ലാ സ്വാശ്രയ കോളജുകളിലും 15 ശതമാനം എൻ.ആർ.ഐ. സീറ്റുകളിൽ 20 ലക്ഷം രൂപയാണ് വാർഷികഫീസ് നിശ്ചയിച്ചിട്ടുള്ളത്.
ജനുവരി ഒന്നിനുശേഷം സീറ്റുകൾ ഒഴിഞ്ഞു കിടന്നാൽ അത് എൻ.ആർ.ഐയിൽ നിന്നുമാറ്റി മെറിറ്റ് സീറ്റുകളാക്കണമെന്നാണ് പ്രവേശന കമ്മിഷണർ അറിയിച്ചിട്ടുള്ളത്. ഇത് അംഗീകരിക്കാൻ ആകില്ലെന്നാണ് മാനേജ്‌മെന്റ്കളുടെ നിലപാട്. മുൻവർഷങ്ങളിൽ മോപ് അപ് കൗൺസലിങ്ങിനുശേഷം ഒഴിവുവരുന്ന സീറ്റുകൾ അപ്പോൾ തന്നെ മെറിറ്റിലേക്ക് മാറ്റുകയാണ് ചെയ്തിരുന്നതെന്നും ഇക്കുറി അധിക സമയം നൽകിയിട്ടുണ്ടെന്നുമാണ് മെഡിക്കൽ വിദ്യഭാസ അധികൃതർ പറയുന്നത്. അഖിലേന്ത്യാതലത്തിൽ ജനുവരി 15 വരെ പ്രവേശനത്തിന് സമയം അനുവദിച്ചിട്ടുള്ളതിനാൽ കൂടുതൽ സമയം അനുവദിക്കണമെന്നാണ് മാനേജ്‌മെന്റ്കളുടെ ആവശ്യം. കോവിഡ് സാഹചര്യങ്ങൾ കൂടെ കണക്കിലെടുത്തു വിദ്യാർത്ഥികൾക്ക് കോളജുകളിൽ ചേരാൻ സമയം അനുവദിക്കണമെന്നും അവർ പറയുന്നു.
നേരത്തെ ഉയർന്ന ഫീസ് ആവശ്യവുമായി കോടതിയെ സമീപിച്ചിട്ടുള്ള മാനേജ്‍മെന്റുകൾ എൻ.ആർ.ഐ.സീറ്റിന്റെ കാര്യത്തിലും കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ്.