തിരുവനന്തപുരം: കേരളത്തിലെ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകരുടെയും ജീവനക്കാരുടെയും ശമ്പള ബിൽ അതത് സ്ഥാപന മേധാവികൾക്ക് നേരിട്ട് ട്രഷറിയിൽ സമർപ്പിച്ച് ശമ്പളം വാങ്ങുവാനുള്ള അധികാരം നൽകിക്കൊണ്ട് സർക്കാർ ഉത്തരവിറക്കി.
ഇതുവഴി സംസ്ഥാനത്തെ എയ്ഡഡ് മേഖലയിലെ സ്കൂളുകൾ, കോളജുകൾ എന്നിവിടങ്ങളിലെ അധ്യാപക-അനധ്യാപക ജീവനക്കാർക്ക് ശമ്പളം എല്ലാ മാസവും രണ്ടാം പ്രവർത്തി ദിവസം ലഭിക്കുന്ന സാഹചര്യം ഉണ്ടാകും.
നിലവിൽ spark മുഖാന്തരം തയ്യാറാക്കുന്ന ശമ്പള ബില്ലുകൾ അതാത് മേഖല ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ ഹാജരാക്കുകയും പരിശോധനകൾക് ശേഷം അംഗീകാരം ലഭിക്കുന്ന ബില്ലുകൾ ട്രെഷറിയിൽ ഹാജരാക്കി ശമ്പളം ലഭ്യമാകുന്ന രീതിയാണ് ഉള്ളത്. ഇത് കാലതാമസത്തിന് ഇടയാക്കിയിരുന്നു. മാസത്തിന്റെ പകുതിയോട് കൂടി മാത്രമാണ് പലയിടത്തും ശമ്പളം ലഭ്യമായിരുന്നത്.
ഈ ഉത്തരവ് മൂലം ഓഫീസുകളിൽ തിരക്ക് കുറയുന്നതോടു കൂടി മറ്റു സേവനങ്ങൾ കൃത്യമായി ലഭിക്കും. ഇനിമേൽ ജീവനക്കാരുടെ പെൻഷൻ, ക്ഷാമ്ബത്ത, ഇൻക്രെമെന്റ്, പ്രൊമോഷൻ, ഇവ സമയബന്ധിതമായി ലഭിക്കുന്നതിനും ഓഡിറ്റ് കൃത്യമായി നടത്തുവാനും കഴിയും.
എയ്ഡഡ് മേഖലയിലെ ജീവനക്കാരുടെ വർഷങ്ങളായുള്ള ആവശ്യത്തിനാണ് ഇപ്പോൾ പരിഹാരമാകുന്നത്. സ്കൂൾ ജീവനക്കാർക്ക് പുറമേ എയ്ഡഡ് ആർട്സ് & സയൻസ് കോളജുകൾ, എഞ്ചിനിയറിംഗ് കോളജുകൾ, എയ്ഡഡ് പോളിടെക്നിക്കുകൾ എന്നിവിടങ്ങളിലെ പതിനയ്യായിരത്തോളം അദ്ധ്യാപക- അനദ്ധ്യാപക ജീവനക്കാർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.