തിരുവനന്തപുരം; സംസ്ഥാനത്തെ അങ്കണവാടികള്‍ ഡിസംബര്‍ 21 മുതല്‍ തുറന്ന് പ്രവര്‍ത്തിക്കണമെന്ന് മന്ത്രി കെ.കെ. ശൈലജ. എല്ലാ അങ്കണവാടി ഹെല്‍പ്പര്‍മാരും, വര്‍ക്കര്‍മാരും ഡിസംബര്‍ 21 ന് രാവിലെ 9.30ന് അങ്കണവാടിയില്‍ ഹാജരാകണം. കോവിഡ് പ്രതിസന്ധിയായതിനാല്‍ കുട്ടികളെ പ്രവേശിപ്പിക്കേണ്ടതില്ല.
ഫീഡിങ് ടേക്ക് ഹോം റേഷന്‍ ആയി നല്‍കുക, നാഷ്ണല്‍ ന്യൂട്രിഷന്‍ മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ടുള്ള സര്‍വേകള്‍, ദൈനംദിന ഭവന സന്ദര്‍ശനങ്ങള്‍ എന്നിവ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പ്രവര്‍ത്തിക്കണമെന്ന് ടീച്ചര്‍ അറിയിച്ചു. ഇവയെല്ലാം കൃത്യമായി പാലിക്കുന്നുണ്ടോയെന്ന് സൂപ്പര്‍വൈസര്‍,സി.ഡി.പി.ഒ ഉറപ്പ് വരുത്തണം. കൊവിഡ് വാക്സിന്‍ വിതരണവുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശങ്ങളും പാലിക്കണമെന്ന് ശൈലജ ടീച്ചര്‍ വ്യക്തമാക്കി. സംസ്ഥാനത്ത് കോവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്തതിനെതുടര്‍ന്ന് മാര്‍ച്ച് 10 മുതലാണ് അങ്കണവാടി പ്രീസ്‌കൂള്‍ അടച്ചിട്ടിരുന്നത്.