ന്യൂഡല്‍ഹി: കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് സയന്‍സ് ബിരുദ പഠനത്തിന് നല്‍കുന്ന സ്‌കോളര്‍ഷിപ്പിന് (സ്‌കോളര്‍ഷിപ്പ് ഫോര്‍ ഹയര്‍ എജ്യുക്കേഷന്‍ (ഷീ) ) അപേക്ഷിക്കാം. 80,000 രൂപയാണ് സ്‌കോളര്‍ഷിപ്പായി അനുവദിക്കുക. താല്‍പ്പര്യമുള്ളവര്‍ http://online-inspire.gov.in/ എന്ന വെബ്സൈറ്റ് വഴി ഡിസംബര്‍ 31നകം അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
യോഗ്യത
- 2019-20ല്‍ പ്ലസ്ടു ജയിച്ച 17-22 പ്രായപരിധിയില്‍ ഉള്ള വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.
- റെഗുലര്‍ ത്രിവത്സര ബി.എസ്.സി/ബി.എസ്.സി. (ഓണേഴ്സ്), നാലുവര്‍ഷ ബി.എസ്., അഞ്ചുവര്‍ഷ ഇന്റഗ്രേറ്റഡ് എം.എസ്.സി/എം.എസ്. പ്രോഗ്രാമുകളിലൊന്നില്‍ ആദ്യവര്‍ഷത്തില്‍ ഇന്ത്യയിലെ അംഗീകൃത കോളജില്‍/സര്‍വകലാശാലയില്‍/സ്ഥാപനത്തില്‍ ആയിരിക്കണം.
- 2020-ലെ ജെ.ഇ.ഇ. മെയിന്‍/അഡ്വാന്‍സ്ഡ്, നീറ്റ് എന്നിവയിലൊന്നില്‍ കോമണ്‍ മെറിറ്റ് പട്ടികയില്‍ 10,000നുള്ളില്‍ റാങ്ക് നേടിയവര്‍, കെ.വി.പി.വൈ. ഫെലോകള്‍, എന്‍.ടി.എസ്.ഇ. സ്‌കോളര്‍മാര്‍, ഇന്റര്‍നാഷണല്‍ ഒളിമ്പ്യാഡ് മെഡലിസ്റ്റുകള്‍, ജഗദീശ് ബോസ് നാഷണല്‍ സയന്‍സ് ടാലന്റ് സര്‍ച്ച് സ്‌കോളര്‍മാര്‍ എന്നിവര്‍ക്കും അപേക്ഷിക്കാം.
- ദേശീയതല പ്രവേശനപരീക്ഷകള്‍ വഴി, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച്, സെന്റര്‍ ഫോര്‍ എക്സലന്‍സ് ഇന്‍ ബേസിക് സയന്‍സസ്, യൂണിവേഴ്സിറ്റികള്‍ എന്നിവയില്‍ പ്രവേശനം നേടിയവര്‍ക്കും അപേക്ഷ നല്‍കാം.