തിരുവനന്തപുരം: ഇന്ന് കുട്ടികളുടെ പ്രിയപ്പെട്ട ചാച്ചാജിയുടെ (ജവാഹർലാൽ നെഹ്രു) ജന്മദിനം. ശിശുദിനമായി ആഘോഷിക്കുന്ന ഈ ദിനത്തിൽ മന്ത്രി സി. രവീന്ദ്രനാഥ് കുട്ടികൾക്ക് ആശംസകൾ നേർന്നു. മന്ത്രിയുടെ ആശംസാസന്ദേശം ഇങ്ങനെ: \”സ്നേഹത്തിന്റെയും അനുതാപത്തിന്റെയും പാരസ്പര്യത്തിന്റെയും, പ്രതീക്ഷയുടെയും സന്ദേശവും അർത്ഥവും പരസ്പരം കൈമാറാനും സ്വയം ഉൾക്കൊള്ളാനും നമ്മെ സഹായിക്കുന്ന ദിനം കൂടിയാണ് ശിശുദിനം. സംഘം ചേർന്നും ആഹ്ലാദിച്ചും ഉല്ലസിച്ചും ആണ് നാം ശിശുദിനം കൊണ്ടാടിയിരുന്നത്. ശിശുദിനറാലികൾ കൂട്ടം കൂടലിനായുള്ള നല്ലവേദികളായിരുന്നു. എന്നാൽ ഇത്തവണ ശിശുദിനം ഇതുവരെയില്ലാത്ത വിധം നാം വീട്ടിൽ തന്നെയിരുന്നു ആഘോഷിക്കാൻ നിർബന്ധിതമാണ്. എല്ലാം നേടി എന്ന് കരുതി ‘അഹങ്കരി’ച്ചിരുന്ന മനുഷ്യരോട് പ്രകൃതി കാട്ടിയ ‘കുസൃതി’യാണ് നമ്മെ ഇങ്ങനെ അകന്നിരിക്കാൻ നിർബന്ധിതരാക്കിയിരിക്കുന്നത്. നമുക്കൊന്നും കാണാൻ കഴിയാത്തത്ര ചെറുതായ ഒരു ആർ.എൻ.എ. തന്മാത്രയാണ് കോവിഡ് 19 ന് കാരണം. മനുഷ്യർ തന്നെ രോഗവാഹകരും ആയതിനാൽ അതിജീവനത്തിനായി നമുക്ക് അകന്നിരിക്കാം. അകന്നിരുന്നുകൊണ്ടും നമുക്ക് കൂട്ടത്തിന്റെ ഭാഗമാകാം. മനസ്സുകൊണ്ട് ഐക്യപ്പെടാം. പരസ്പരം പങ്കിടാം. ഇതൊക്കെ ചെയ്യുമ്പോഴും നമ്മുടെ രാജ്യത്തും ഈ ലോകത്തും ഒരു നേരത്തെ ഭക്ഷണത്തിനായി, വിദ്യാഭ്യാസത്തിനായി, സുരക്ഷിതമായ താമസ ഇടത്തിനായി ഒന്നു സ്വസ്ഥമായി ആഹ്ലാദിക്കാനായി കാത്തിരിക്കുന്ന കൂട്ടുകാരും കൂട്ടുകാരികളും ഉണ്ട് എന്നതും നാം കാണണം. സമൂഹത്തിലെ അസമത്വങ്ങളാണ് ഇതിനെല്ലാം കാരണമാകുന്നത്.
ആയതിനാൽ അകലങ്ങളിലിരിക്കുമ്പോഴും നാമെല്ലാം അടുത്തുണ്ട് എന്ന് തിരിച്ചറിയാനും ആത്മവിശ്വാസത്തോടെ മുന്നേറാനും സമൂഹത്തിലെ അസമത്വങ്ങൾക്കെതിരായ നിലപാട് കൈക്കൊള്ളാനും സഹായമാകട്ടെ ഈ ശിശുദിനം.
എല്ലാവർക്കും ശിശുദിനാശംസകൾ\”.