ഈ വർഷം സ്കൂൾ ചെലവുകൾക്ക് മാത്രം ഫീസ് ഈടാക്കാമെന്ന് ഹൈകോടതി: കണക്ക് 17നകം സമർപ്പിക്കണം


കൊച്ചി: കോവിഡ് വ്യാപനത്തെ തുടർന്ന് സ്കൂളുകൾ അടഞ്ഞു കിടന്ന മാസങ്ങളിലെ നടത്തിപ്പ് ചെലവും ഈ സമയത്ത് വിദ്യാർത്ഥികളിൽനിന്ന് ഫീസ് ഇനത്തിൽ ഈടാക്കുന്ന തുകയുടെ കണക്കും സമർപ്പിക്കാൻ സ്കൂൾ മാനേജ്മെന്റുകൾക്ക് ഹൈകോടതി നിർദേശം നൽകി. കൃത്യമായ ചെലവ് ഈ മാസം 17നകം സമർപ്പിക്കണം. ഈ വർഷം സ്കൂൾ ചെലവിന് ആവശ്യമായ തുക മാത്രമേ ഫീസ് ഇനത്തിൽ വാങ്ങാൻ പാടൂ എന്നും കോടതി നിർദേശിച്ചു. കോവിഡ് കാലത്ത് സ്കൂൾ അടഞ്ഞു കിടക്കുമ്പോൾ ഫീസ് ഇളവ് നൽകണം എന്നാവശ്യപ്പെട്ട് വിദ്യാർഥികളും രക്ഷിതാക്കളും അടക്കമുള്ളവർ നൽകിയ ഹർജികൾ പരിഗണിച്ചാണ് ഹൈകോടതി നിർദേശം. തങ്ങൾ ഫീസിളവ് നൽകുന്നതായി ചില സ്കൂളുകൾ കോടതിയെ അറിയിച്ചെങ്കിലും ഹാജരാക്കിയ രേഖകളിൽ കൃത്യമായ വിവരമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. സ്കൂളുകളുടെ നടത്തിപ്പ് ചെലവിനെക്കാൾ കൂടുതൽ പണം വിദ്യാർത്ഥികളിൽ നിന്ന് വാങ്ങുന്നില്ലെന്ന് ഉറപ്പു വരുത്തുമെന്ന് കോടതി പറഞ്ഞു.

Share this post

scroll to top