ഒന്നാം വർഷ ബിരുദ ക്ലാസുകൾ നവംബർ പകുതിയോടെ

തിരുവനന്തപുരം: പ്രവേശന നടപടികൾ പൂർത്തിയാകാത്തതിനാൽ ഒന്നാം വർഷ ബിരുദ ക്ലാസുകൾ നാളെ മുതൽ ആരംഭിക്കാനാകില്ലെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ്. രാജ്യത്തെ വിവിധ സർവകലാശാലകൾക്ക് കീഴിലുള്ള കോളജുകളിൽ നവംബർ 1 മുതൽ ഓൺലൈൻ ക്ലാസുകൾ ആരംഭിക്കണമെന്ന് യുജിസി നിർദേശിച്ചിരുന്നെങ്കിലും കേരളത്തിൽ നാളെ മുതൽ ക്ലാസുകൾ ആരംഭിക്കില്ല. വിവിധ സർവകലാശാലകളിൽ ബിരുദ കോഴ്സുകളിലേക്കുള്ള അലോട്ട്മെന്റുകൾ നടന്നുവരികയാണ്. ഒക്ടോബർ 31നകം പ്രവേശനം പൂർത്തിയാക്കണമെന്നായിരുന്നു യുജിസി നിർദേശം. പ്രവേശന നടപടിയിൽ കാലതാമസമുണ്ടെങ്കിൽ നവംബർ 18 മുതൽ കോളജുകൾക്ക് ക്ലാസുകൾ ആരംഭിക്കാമെന്നും യു‌ജി‌സി നേരത്തെ പുറത്തിറക്കിയ നോട്ടീസിൽ പറയുന്നുണ്ട്. ഇതനുസരിച്ച് നവംബർ പകുതിയോടെ കേരളത്തിൽ ബിരുദ ക്ലാസുകൾ ആരംഭിക്കുമെന്നാണ് സൂചന. കോവിഡ് വ്യാപനത്തെ തുടർന്നുണ്ടായ അക്കാദമിക നഷ്ടം നികത്താൻ സർവകലാശാലകൾ ഈ സെമസ്റ്ററിൽ ആഴ്ചയിൽ 6 ദിവസം ക്ലാസുകൾ നടത്തണം എന്നും യുജിസി നിർദേശമുണ്ട്.

Share this post

scroll to top