കോവിഡ് അനുഭവങ്ങളും ഇടപെടലുകളും: ചിത്രരചന ‘നേർക്കാഴ്ച്ച’യിലേക്ക് സൃഷ്ടികൾ അയക്കാം

തിരുവനന്തപുരം: കോവിഡ് കാലത്തെ പഠന അനുഭവങ്ങളെ അടിസ്ഥാനമാക്കി നടത്തുന്ന ‘നേർക്കാഴ്ച്ച’ ചിത്രരചന പദ്ധതിയ്ക്ക്  തുടക്കമാകുന്നു. ജൂൺ ഒന്നിന് തുടങ്ങി കഴിഞ്ഞ രണ്ടര മാസത്തെ ഡിജിറ്റൽ പഠനത്തിന്റെ അനുഭവങ്ങളും വരുംകാലത്തിന്റെ ആശങ്കയുമെല്ലാം ഉൾകൊള്ളിച്ചുള്ള ചിത്രരചന (പെൻസിൽ ഡ്രോയിങ്, വാട്ടർ കളർ, ഓയിൽ പെയിന്റിങ് ) യാണ് നേർക്കാഴ്ച്ചയിലൂടെ അവതരിപ്പിക്കുക. വിദ്യാർത്ഥികൾക്കും  കുടുംബാംഗങ്ങൾക്കും അധ്യാപകർക്കും ചിത്രങ്ങൾ വരയ്ക്കാം. വരയ്ക്കുന്ന ചിത്രങ്ങൾ മൊബൈൽ ഫോണിൽ ഫോട്ടോ എടുത്തോ, സ്കാൻ ചെയ്തോ ക്ലാസ്സ്‌ അധ്യാപകന് നൽകണം. ക്ലാസ്സ്‌ അധ്യാപകർക്ക് ലഭിച്ച സൃഷ്ടികൾ സ്കൂൾ ഗ്രൂപ്പിൽ പങ്കിടണം. അവയിൽ മികച്ചവ SITC/HITC ക്ക് കൈമാറണം. തുടർന്ന്  SITC/HITC അവ സ്കൂൾ വിക്കിയിലേക്ക് പോസ്റ്റ്‌ ചെയ്യണം. ഇതിനായി സ്കൂൾതലത്തിൽ വിലയിരുത്തൽ കമ്മിറ്റി രൂപീകരിക്കണമെന്നും ശുപാർശ ചെയ്യുന്നുണ്ട്. മികച്ച ചിത്രങ്ങൾക്ക് സ്കൂൾതല, പഞ്ചായത്ത്‌തല, ബി.ആർ.സിതല, ജില്ലാതല, സംസ്ഥാനതലങ്ങളിൽ സമ്മാനങ്ങൾ നൽകും. ലഭിച്ച ചിത്രരചനകൾ ചേർത്ത് പോസ്റ്റർ തയ്യാറാക്കി സ്കൂൾ, പഞ്ചായത്ത്‌, ബി.ആർ.സി തലങ്ങളിലെല്ലാം  ഇവയുടെ  പ്രദർശനം  ഒരുക്കുമെന്നും  പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.

Share this post

scroll to top